മരിച്ചതിനു ശേഷവും നീതി ലഭിക്കുന്നില്ലെങ്കിൽ എന്റെ ചാരം അഴുക്കു ചാലിൽ ഒഴുക്കിക്കളയൂ; ഭാര്യക്കെതിരെ വിഡിയോ ഇട്ട് ടെക്കി യുവാവ് ജീവനൊടുക്കി
text_fieldsലഖ്നോ: യു.പിയിൽ ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 33 കാരനായ ടെക്കി യുവാവ് ജീവനൊടുക്കി. ഭാര്യയുടെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതായും തന്നെ വ്യാജ കേസുകളിൽ കുടുക്കിയതായും മോഹിത് യാദവ് മരിക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത വിഡിയോയിലുണ്ട്. മരണത്തിന് ശേഷവും നീതി ലഭിക്കുന്നില്ല എങ്കിൽ തന്റെ ചാരം അഴുക്കു ചാലിൽ ഒഴുക്കിക്കളയണമെന്നും വിഡിയോയിൽ മോഹിത് പറയുന്നുണ്ട്.
വ്യാഴാഴ്ചയാണ് മോഹിത് ഇറ്റാവ റെയിൽവേ സ്റ്റേഷനു പുറത്തുള്ള ജോളി ഹോട്ടലിൽ മുറിയെടുത്തത്. ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് മോഹിത്തിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സിമന്റ് കമ്പനിയിൽ ഫീൽഡ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ഏഴു വർഷത്തെ പ്രണയത്തിന് ശേഷമാണ് 2023ൽ മോഹിത് പ്രിയയെ വിവാഹം കഴിച്ചത്.
രണ്ടുമാസം മുമ്പാണ് ബിഹാറിൽ പ്രിയക്ക് അധ്യാപന ജോലി കിട്ടിയത്. ആ സമയത്ത് ഗർഭിണിയായിരുന്നു. എന്നാൽ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ പ്രിയയുടെ അമ്മ നിർബന്ധിച്ചതായും മോഹിത് വിഡിയോയിൽ ആരോപിച്ചു. പ്രിയയുടെ ആഭരണങ്ങളെല്ലാം അമ്മ കൈവശപ്പെടുത്തി. വിവാഹ സമയത്ത് സ്ത്രീധനമൊന്നും വാങ്ങിയിരുന്നില്ലെന്നും മോഹിത് പറയുന്നു. എന്നാൽ സ്വത്ത് സ്വന്തം പേരിലാക്കിയില്ലെങ്കിൽ കുടുംബത്തെയടക്കം കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പ്രിയ പലപ്പോഴും മോഹിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു.
''വീടും സ്ഥലവും സ്വന്തം പേരിൽ എഴുതിക്കൊടുത്തില്ലെങ്കിൽ എന്നെയും കുടുംബത്തെയും കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പ്രിയ പലപ്പോഴും ഭീഷണിപ്പെടുത്തി. സ്ത്രീധനം വാങ്ങിയെന്നു പറഞ്ഞ് കേസിലകപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അവളുടെ പിതാവ് മനോജ് കുമാർ എനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. അവളുടെ സഹോദരൻ കൊല്ലുമെന്ന് ഭീഷണി മുഴക്കി.കുടുംബത്തിന്റെ പിന്തുണയോടെയാണ് എല്ലാ ദിവസവും പ്രിയ വഴക്കടിക്കാറുള്ളത്.''-മോഹിത് വിഡിയോയിൽ പറയുന്നു.
സ്വന്തം മാതാപിതാക്കളോട് ക്ഷമ ചോദിച്ചാണ് മോഹിത് വിഡിയോ അവസാനിപ്പിക്കുന്നത്. തനിക്ക് മരണശേഷവും നീതി ലഭിക്കുന്നില്ലെങ്കിൽ ചാരം അഴുക്കു ചാലിൽ ഒഴുക്കണമെന്നും പറയുന്നുണ്ട്. സ്ത്രീകൾ പുരുഷൻമാർക്കെതിരെ കള്ളക്കേസ് ചമച്ചാൽ ആരും വിശ്വസിക്കും. എന്നാൽ നിരപരാധികളായ പുരുഷൻമാർക്കും നീതി അനിവാര്യമാണ്. ഈ വിഡിയോ ആളുകൾ കാണുമ്പോഴേക്കും താൻ ലോകത്തുനിന്നേ പോകുമെന്നും വിഡിയോയിൽ സൂചിപ്പിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

