അമ്മയുടെ കൊലപാതകം മറച്ചുവെച്ചു; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മകൻ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ അമ്മയെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത മകൻ. അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്ന് മകൻ ആദ്യം അച്ഛനെയും പൊലീസിനെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
ഡിസംബർ മൂന്നിനാണ് ആരതി വർമയെ പതിനൊന്നാം ക്ലാസ്സുകാരനായ മകൻ വീടിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ആരതിയുടെ ഭർത്താവ് രാം മിലൻ ചെന്നൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിലെ അസിസ്റ്റൻ്റ് സയൻ്റിസ്റ്റാണ്. ആരതി മരിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് മരണത്തെക്കുറിച്ച് രാം മിലൻ മനസ്സിലാക്കുന്നത്.
ആരതിയെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ രാം മിലൻ ഭാര്യാസഹോദരിയോട് വീട്ടിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അന്വേഷിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വിവരം രാം മിലനെ അറിയിച്ചു. തുടർന്ന് പിറ്റേ ദിവസം രാം മിലനെത്തി നോക്കിയപ്പോഴാണ് ടെറസ്സിൽ നിന്ന് വീണ നിലയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മകനെ സമീപത്തെ ക്ഷേത്രത്തിന് അടുത്ത വെച്ച് കണ്ടെത്തുകയായിരുന്നു. അമ്മ മരിച്ച് കിടക്കുന്നത് കണ്ട് ഭയന്ന് പോയതാണെന്നും നാല് ദിവസം ലക്ഷ്യമില്ലാതെ അലയുകയായിരുന്നുവെന്നും അതിനാലാണ് രാം മിലനെ വിവരം അറിയിക്കാൻ കഴിയാഞ്ഞതെന്നും മകൻ പറഞ്ഞു. തുടർന്ന് പൊലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ മകൻ സത്യം വെളിപ്പെടുത്തുകയായിരുന്നു.
ഡിസംബർ 3ന് രാവിലെ സ്‌കൂളിൽ പോകാൻ അമ്മ തന്നോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ പണത്തെ ചൊല്ലി തർക്കമുണ്ടായി. തർക്കത്തിനിടയിൽ ദേഷ്യത്തിൽ അമ്മയെ തള്ളിയപ്പോഴാണ് മരണം സംഭവിച്ചതെന്ന് മകൻ പൊലീസിന് മൊഴി നൽകി. എന്നാൽ പൊലീസ് അന്വേഷണത്തിൽ വീട്ടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതോടെ മകന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

