
ഭാര്യയുമായി വഴക്കിട്ട് എട്ടുമാസം പ്രായമായ മകളെ നിലത്തടിച്ച് കൊന്ന പിതാവ് അറസ്റ്റിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയുമായി വഴിക്കിട്ടശേഷം പിതാവ് എട്ടുമാസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ച് കൊന്നു. കുഞ്ഞ് മരിക്കുന്നതുവരെ തറയിലടിച്ചതായി ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മണ്ഡാവാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ രഹത്പുർ ഖുർദിൽ ജൂലൈ 31നാണ് സംഭവം.
ഒന്നരവർഷം മുമ്പായിരുന്നു മുഹമ്മദ് നസിമിന്‍റെയും മഹ്താബ് ജഹന്‍റെയും വിവാഹം. ഇവർക്ക് എട്ടുമാസം പ്രായമായ മകളുമുണ്ടായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു.
കുറച്ചുദിവസം മുമ്പ് നസിമുമായുണ്ടായ വഴക്കിനെ തുടർന്ന് മഹ്താബ് സ്വന്തം വീട്ടിലേക്ക് മടങ്ങി. ജൂലൈ 31ന് രാത്രി നസിം മദ്യപിച്ച് മഹ്താബിന്റെ വീട്ടിലെത്തി. കുഞ്ഞിനെ വിട്ടുനൽകണമെന്നായിരുന്നു നസിമിന്‍റെ ആവശ്യം. മഹ്താബ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെ ബലമായി പിടിച്ചുവാങ്ങിയശേഷം കുട്ടിയെ മരിക്കുന്നതുവരെ തറയിൽ അടിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മഹ്താബിന്റെ പരാതിയിൽ ആഗസ്റ്റ് ഒന്നിന് നസിമിനെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തതായും ബിജ്നോർ പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.