നഗരസഭയിലെ അഴിമതിയെ കുറിച്ച് വാർത്ത നൽകിയതിന് പിന്നാലെ അധികൃതരിൽ നിന്ന് നിരന്തര ഭീഷണി; യു.പിയിൽ മാധ്യമപ്രവർത്തകരായ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsലഖ്നോ: അഴിമതിയെ കുറിച്ച് വാർത്ത നൽകിയതിന്റെ പേരിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റും നഗരസഭാ ചെയർമാനും കോൺട്രാക്റ്ററും കള്ളക്കേസിൽ കുടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് വിഡിയോ സമൂഹമാധ്യമത്തിലിട്ടതിന് പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ദമ്പതികൾ.
ബിസാൽപൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നാഗേന്ദ്ര പാണ്ഡെ, ബർഖേദ മുനിസിപ്പാലിറ്റി ചെയർമാൻ ശ്യാം ബിഹാരി ഭോജ്‍വാൽ, കോൺട്രാക്റ്റർ മോയിൻ ഹുസൈൻ എന്നിവരുടെ പീഡനം സഹിക്കാനാകാതെയാണ് കടുംകൈക്ക് മുതിരുന്നതെന്നാണ് ദമ്പതികൾ വിഡിയോയിൽ പറയുന്നത്. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ ഇസ്റാർ അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാൽ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്.
ബർഖേഡ മുനിസിപ്പാലിറ്റിയിലെ അഴിമതിയെ കുറിച്ച് ഇസ്റാർ വാർത്ത നൽകിയിരുന്നു. അത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നതായും ഇസ്റാർ വിഡിയോയിൽ അവകാശപ്പെട്ടു. ഇതാണ് സർക്കാർ ഉദ്യോഗസ്ഥരുടെ പകപോക്കലിന് കാരണമായത്. കുടുംബത്തെ മുഴുവൻ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുമെന്നായിരുന്നു അധികൃതരുടെ ഭീഷണിയെന്നും ഇസ്റാർ വിഡിയോയിൽ ആരോപിച്ചു. ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും ഞങ്ങളുടെ മുന്നിലില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം. -വിഡിയോയിൽ പറയുന്നു.
എന്നാൽ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രംഗത്തുവന്നു. കോൺട്രാക്റ്ററും ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇസ്റാറും ഭാര്യയും നിരന്തരം ഭീഷണി നേരിട്ടിരുന്നതായി കുടുംബാംഗങ്ങളും സ്ഥിരീകരിച്ചു. സംഭവത്തിൽ കേസെടുക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

