'തെളിയിക്കപ്പെട്ട ഏറ്റവും പഴക്കം ചെന്ന കേസ്'; കൊലപാതകം 1967ൽ, ശിക്ഷ 2005ൽ
text_fieldsലണ്ടൻ: 1967ൽ ബലാത്സംഗത്തിനിടെ മുതിർന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 92കാരനായ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളിലാണ് സംഭവം. കഴിഞ്ഞ 58 വർഷവും ഈ കേസിലും സമാനമായ കേസുകളിലും പ്രതിയെ കണ്ടെത്താനാവാതെ വലയുകയായിരുന്നു പൊലീസ്. എൺപതുകളിൽ തുടക്കമിട്ട് രണ്ടായിരത്തോടെ പൂർണതയിലെത്തിയ ഡി.എൻ.എ(ഡിഓക്‌സിറൈബോ ന്യൂക്ലിക് ആസിഡ്) പരിശോധനയുടെ ഫലമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
കുറ്റകൃത്യം നടന്ന സമയത്ത് 34 വയസ് ഉണ്ടായിരുന്ന റൈലാൻഡ് ഹെഡ്ലിക്ക് ഇപ്പോൾ പ്രായം 92. ഇയാൾക്കെതിരെ രണ്ട് കേസുകൾ കൂടിയുണ്ട്. ഇതിലുള്ള ശിക്ഷാവിധിയും താമസിയാതെ ഉണ്ടാവും. ബ്രിസ്‌റ്റോളിലെ ലൂയിസ് ഡൺ എന്ന എഴുപത്തഞ്ചുകാരിയെയാണ് ഇയാൾ ബലാത്സംഗം ചെയ്ത് കൊന്നത്.
രണ്ടു തവണ വിവാഹിതയായെങ്കിലും ലൂയിസ് ഡൺ ഒറ്റക്കായിരുന്നു താമസം. പത്രം വീട്ടുമുറ്റത്തു കിടക്കുന്നത് കണ്ടാണ് അയൽക്കാർ കാര്യം അന്വേഷിക്കുന്നത്. പിന്നീട് ഇവരെ മുൻവശത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ചതവുകളും വാ പൊത്തിപ്പിടിച്ചതിന്റെ സൂചനകളുമുണ്ടായിരുന്നു. എന്നാൽ ഫൊറൻസിക് തെളിവുകൾ പരിമിതമായിരുന്നു. ഒരു കൈപ്പത്തിയുടെ ഭാഗികമായ അടയാളം മാത്രമേ അന്ന് കണ്ടെത്താനായത്. ലൂയിസിന്റെ വീടിന്റെ രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള 15നും 60നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരുടെയും കൈപ്പത്തിയുടെ അടയാളങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
മോഷണത്തിനോ ലൈംഗികാതിക്രമത്തിനോ ശിക്ഷിക്കപ്പെട്ടവർ, ഭവനരഹിതർ, കുറ്റകൃത്യം നടന്ന ദിവസം അനുമതിയില്ലാതെ അവധിയിൽ പ്രവേശിച്ച സൈനികർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. പൊലീസ് 8,000 വീടുകളിൽ സന്ദർശനങ്ങൾ നടത്തുകയും 2,000 സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധന നടത്തിയ രണ്ടര കിലോ മീറ്റർ പരിധിക്ക് പുറത്തായിരുന്നു ഹെഡ്‌ലിയുടെ താമസം. അന്നേവരെ അയാൾക്കെതിരെ ഒരു കേസും ഉണ്ടായിരുന്നില്ല.
ലൂയിസ് ഡണിനെ കൊലപ്പെടുത്തിയ മാതൃകയിൽ പത്ത് വർഷത്തിന് ശേഷം ഹെഡ്‌ലി രണ്ട് കൊലപാതകങ്ങൾ കൂടി നടപ്പാക്കി. ഇതിലും മുതിർന്ന സ്ത്രീകളായിരുന്നു ഇരകൾ. ഒരാൾക്ക് 84ഉം മറ്റേയാൾക്ക് 79ഉം ആയിരുന്നു പ്രായം. രണ്ട് പേരെയും ബലാത്സംഗം ചെയ്താണ് കൊലപ്പെടുത്തിയത്. ഇത്തവണ പക്ഷേ, ഇയാളുടെ വിരലടയാളം പൊലീസിന് കിട്ടി. രണ്ടു കേസിലും ഹെഡ്‌ലിക്ക് ശിക്ഷയും ലഭിച്ചു. രണ്ട് ബലാത്സംഗ കേസുകളിലും 10 മോഷണ കേസുകളിലും ഹെഡ്ലി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ലൂയിസ് ഡൺ കൊലക്കേസിൽ, ആ സമയത്തെ ശാസ്ത്രീയ പരിശോധനകളുടെ പരിമിതമായ പുരോഗതി കാരണം അന്വേഷണം പാതി വഴിയിലായി. പിന്നീട് 2023ൽ കേസ് ഫയലുകൾ പുനഃപരിശോധിച്ചതിനെ തുടർന്നാണ് ഹെഡ്‌ലിയുടെ മേൽ കുറ്റം ചുമത്തപ്പെട്ടത്. ലൂയിസ് ഡണിന്റെ വസ്ത്രത്തിലുണ്ടായിരുന്ന ബീജത്തിലെ ഡി.എൻ.എയുമായി ഇയാളുടെ ഡി.എൻ.എ യോജിക്കുന്നതായി കണ്ടെത്തി. പ്രതി ജീവിച്ചിരിക്കുന്നുവെന്നും ഇത് സൂചിപ്പിച്ചു. ലൂയിസിന്റെ കൊലപാതകത്തെ 'തെളിയിക്കപ്പെട്ട ഏറ്റവും പഴക്കം ചെന്ന കേസ്' എന്നാണ് ബ്രിട്ടീഷ് പൊലീസ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

