എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsകൊട്ടിയം: മാരക രാസലഹരിയായ എം.ഡി.എം.എ കൈവശം സൂക്ഷിച്ച രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. മീയണ്ണൂർ പാലാംകോണം ചരുവിള വീട്ടിൽ ഷാജിർ (39), മീയണ്ണൂർ മലേവയൽ ചരുവിള തെക്കതിൽ നവാബ് (41) എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി പൊലീസ് കമീഷണർ അശ്വതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് നാളുകളായി ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാത്രി 11.30ഓടെ പാലാംകോണം ബസ് സ്റ്റോപ്പിന് സമീപം ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 4.400 ഗ്രാം എം.ഡി.എം.എയുമായി ഇവർ പിടിയിലായത്. മീയണ്ണൂർ, കണ്ണനല്ലൂർ പ്രദേശങ്ങളിലെ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പടെ യുവാക്കളെ ലക്ഷ്യമിട്ട് വിൽപനക്കായി പ്ലാസ്റ്റിക് സിപ് ലോക്ക് കവറിൽ സൂക്ഷിച്ച രാസ ലഹരിയാണ് പിടികൂടിയത്.
ഏതാനും ദിവസം മുമ്പ് അഞ്ചാലുംമൂട് പരിധിയിൽ 2.81 ഗ്രാം എം.ഡി.എം.എയുമായി മതിലിൽ സ്വദേശി മെൽബിനെ വാടക വീട്ടിൽനിന്ന് പിടികൂടിയിരുന്നു.
ചാത്തന്നൂർ എ.സി.പി രാകേഷിന്റെ നിർദേശപ്രകാരം ഡാൻസാഫ് എസ്.ഐമാരായ ഗോപകുമാർ, സായി സേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണനല്ലൂർ എസ്.എച്ച്.ഒ അഭിഷേകിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.

