സൗഹൃദം നടിച്ച് ഹൈസ്കൂൾ വിദ്യാർഥിനിയുടെ മൂന്നേമുക്കാൽ പവന്റെ സ്വർണാഭരണം തട്ടിയ യുവാക്കൾ പിടിയിൽ
text_fieldsഹരിപ്പാട്: സാമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഹൈസ്കൂൾ വിദ്യാർഥിനിയെ കബളിപ്പിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ വയനാട് സ്വദേശികളായ യുവാക്കൾ പിടിയിൽ. മിഥുൻദാസ് (19) അക്ഷയ് (21) എന്നിവരെയാണ് കരളക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ചേപ്പാട് സ്വദേശിനിയായ ഹൈസ്കൂൾ വിദ്യാർഥിനിയിൽ നിന്നാണ് പ്രതികൾ സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്, സ്നാപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു മൂന്നേമുക്കാൽ പവന്റെ സ്വർണം തട്ടിയെടുത്തത്. വാഹനത്തിന്റെ ആർ.സി. ബുക്ക് പണയം വെച്ചത് തിരികെയെടുക്കാനാണന്ന് വിശ്വസിപ്പിച്ചാണ് വിദ്യാർഥിനി ധരിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണകൊലുസും, ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന ലോക്ക്റ്റോടുകൂടിയ സ്വർണമാലയും യുവാക്കൾ കൈവശപ്പെടുത്തിയത്. പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കരീലക്കുളങ്ങര എസ്.എച്ച്.ഒ ഏലിയാസ്.പി.ജോർജ്ജിന്റെ നേതൃത്വത്തിൽ, എസ്. ഐമാരായ അഭിലാഷ്, ശ്രീകുമാർ, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ, അനി, സിവിൽ പൊലീസ് ഓഫീസർമാരായ ഷാഫി, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.