ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ചുകടത്തിയ സിന്തറ്റിക് ലഹരിയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കോഴിക്കോട്: ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് ബൈക്കിൽ കടത്തുകയായിരുന്ന സിന്തറ്റിക് ലഹരിയുമായി യുവാക്കൾ അറസ്റ്റിൽ. 55.200 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി പുലിയാങ്ങിൽ വൈശാഖ് (22), കോഴിക്കോട് മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു (22) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്.
എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോഴിക്കോട് എക്സൈസ് സർക്കിളുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഡ്യൂക്ക് ബൈക്കിൽ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റിെൻറ സ്പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ശനിയാഴ്ച രാത്രി ചേവായൂർ പാച്ചാക്കിൽ ഭാഗത്തുനിന്നാണ് സംഘം പിടിയിലായത്.
ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും ആർക്കായാണ് കൊണ്ടുപോയതെന്നുമെല്ലാം അന്വേഷിച്ചുവരുകയാണ്. ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കമീഷണർ സ്ക്വാഡ് അസി. ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റിവ് ഓഫിസർമാരായ പ്രദീപ് കുമാർ, ഇ.പി. വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അഖിൽ ദാസ്, ഡി.എസ്. ദിലീപ് കുമാർ, മുഹമ്മദ് അബ്ദുൽ റൗഫ്, പി.കെ. സതീഷ്, എം.ഒ. രജിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.