ഇരുചക്ര വാഹന തട്ടിപ്പ്: പൊലീസിൽ പരാതി ഒഴുകുന്നു
text_fieldsതൊടുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിലായതോടെ പൊലീസിൽ പരാതിക്കാരുടെ പ്രവാഹം.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പേരാണ് പരാതിയുമായി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടികളൂടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ തൊടുപുഴ കുടയത്തൂർ കേളപ്ര ചൂരക്കുളങ്ങര വീട്ടിൽ അനന്ദു മൂവാറ്റുപുഴയില്‍ പിടിയിലായതോടെയാണ് വനിതകളടക്കമുള്ളവർ പരാതിയുമായി സ്റ്റേഷനുകളിൽ എത്തിയത്.
നെടുങ്കണ്ടത്തും കമ്പംമേട്ടിലും ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. നെടുങ്കണ്ടം പൊലീസില്‍ 50ഓളം വീട്ടമ്മമാരാണ് ശനിയാഴ്ച പരാതിയുമായി തടിച്ചുകൂടിയത്. വലിയ കമ്പനികളുടെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി.
അനന്ദു കൃഷ്ണനെതിരെ കോഓഡിനേറ്ററും ഏജന്റുമായി പ്രവർത്തിച്ച രണ്ടുപേർ നൽകിയ പരാതിയിലും നെടുങ്കണ്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും വഞ്ചിച്ചെന്നുമാണ് കേസ്. സ്കൂട്ടര്‍, തയ്യൽ മെഷീന്, ലാപ്ടോപ്, ഹോം അപ്ലയന്‍സസ്, ജലസംഭരണി, ഫെര്‍ട്ടിലൈസേഴ്സ് എന്നിവ 50 ശതമാനം ഇളവില്‍ നല്‍കുമെന്ന് പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തവരില്‍ ചിലര്‍ക്ക് വാഹനവും മറ്റും നല്‍കിയിരുന്നു. ഒന്നരവര്‍ഷമായി നെടുങ്കണ്ടത്ത് സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. വാര്‍ഡുകളിലെ പ്രമോട്ടര്‍മാര്‍ മുഖേനയായിരുന്നു വീട്ടമ്മമാരെ സൊസൈറ്റിയിലേക്ക് ആകര്‍ഷിച്ചത്.
ആദ്യം 60,000 രൂപ വീതം ബാങ്കില്‍ അടച്ച് രസീത് സൊസൈറ്റിയില്‍ ഏൽപിക്കുകയായിരുന്നു. അന്ന് പറഞ്ഞിരുന്നത് പരമാവധി മൂന്നുമാസത്തെ കാലാവധിയായിരുന്നു. തൊടുപുഴയിലും നിരവധി പേരെകൊണ്ട് 60,000 അടച്ച് രസീത് സൊസൈറ്റിയിൽ ഏൽപിച്ചതായി പരാതിയുണ്ട്. അടുത്ത ദിവസങ്ങളിൽ പൊലീസിൽ പരാതി നൽകുമെന്ന് ഇവർ പറയുന്നു.
സീഡ് വഴി തട്ടിച്ചത് 69 ലക്ഷം
നെടുങ്കണ്ടം: പകുതി വിലയ്ക്ക് കാർഷികോപകരണങ്ങൾ നൽകാമെന്ന് പറഞ്ഞ് കരുണാപുരം പഞ്ചായത്തില്‍ സീഡ് സൊസൈറ്റി വഴി മാത്രം അടച്ചത് 69,02,050 രൂപ. 177 ഇരുചക്ര വാഹനങ്ങള്‍ക്ക് നേരിട്ടും പണമടച്ചു. 15 ലക്ഷം രൂപ ഗൃഹോപകരണങ്ങള്‍ക്കായി അടച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ സാധനങ്ങള്‍ നല്‍കാമെന്നായിരുന്നു അനന്ദു കൃഷ്ണന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അവധി തെറ്റിച്ചതിനെ തുടര്‍ന്ന് ജനുവരി 29ന് സീഡ് സൊസൈറ്റി അംഗങ്ങൾ അനന്ദു കൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നു. അന്നും അവധി പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.
കോഓഡിനേറ്റര്‍മാരും പ്രമോട്ടര്‍മാരും സംയുക്തമായാണ് കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കിയത്. 50 ശതമാനം വിലക്കുറവിൽ ഇരുചക്രവാഹനങ്ങളും ഇതര ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി കമ്പംമെട്ട് പൊലീസില്‍ പരാതിയുമായെത്തിയ വീട്ടമ്മമാരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

