എം.ഡി.എം.എയും എയർഗണും മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ
text_fieldsവിഷ്ണു സാജൻ, വിഷ്ണു മനോജ്
കളമശ്ശേരി: വാടക വീട്ടിൽനിന്നും എം.ഡി.എം.എയും എയർഗൺ അടക്കം മാരകായുധങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. കളമശ്ശേരി മറ്റക്കാട് പ്രദേശത്ത് വാടകക്ക് താമസിച്ചുവന്ന ഈരാറ്റുപേട്ട കിഴക്കേവീട്ടിൽ വിഷ്ണു മനോജ് (27), എറണാകുളം പച്ചാളം പുല്ലംവേലി വീട്ടിൽ വിഷ്ണു സജൻ (24) എന്നിവരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
മൂന്ന് ഗ്രാം എം.ഡി.എം.എയും എയർഗൺ, വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. വാടക വീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നിന്റെ വിൽപന നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്. വിഷ്ണു മനോജ് എളംകുളത്ത് ഹോട്ടൽ മാനേജരും വിഷ്ണു സാജൻ ഓൺലൈൻ ബിസിനസും ചെയ്തു വരുന്നതിനിടെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

