ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ലിജിനും ശ്രുതിനും
ചക്കരക്കല്ല്: ഇരിവേരിയിൽ ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശിവപുരം വെമ്പിടിത്തട്ടിൽ സ്വദേശികളായ എം. ലിജിൻ (29), കെ.വി. ശ്രുതിൻ (29) എന്നിവരെയാണ് ചക്കരക്കൽ പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘും അറസ്റ്റ് ചെയ്തത്. ഇരിവേരിയിലെ കേളോത്ത് വീട്ടിൽ കെ. നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇവിടത്തെ സി.സി.ടി.വി കാമറകളും കോഴിമുട്ടകളും കവർന്നിരുന്നു. ഈ മാസം 16 ന് പുലർച്ചെയായിരുന്നു സംഭവം.
വീടിനു മുന്നിലെ വർഷങ്ങൾ പ്രായമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇതിന്റെ ശിഖരങ്ങൾ ഇവിടെ തന്നെയിട്ടിരുന്നു. വീടിനുമുന്നിൽ സ്ഥാപിച്ച രണ്ടു സി.സി.ടി.വി കാമറകളുടെ കേബിളുകൾ മുറിച്ചുമാറ്റിയാണ് ചന്ദനമരം മുറിച്ചത്. കാമറകൾ മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. വീടിനു മുന്നിലുളള ഷെഡിൽ സൂക്ഷിച്ചിരുന്നു 60 കോഴിമുട്ടകൾ ഷെഡിന്റെ പൂട്ട് പൊളിച്ച് മോഷ്ടിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.