പൊലീസിനെ ബോംബെറിഞ്ഞ കേസിൽ പയ്യന്നൂർ നഗരസഭയിലെ സി.പി.എം സ്ഥാനാർഥി ഉൾപ്പെടെ രണ്ടുപേർ കുറ്റക്കാർ
text_fieldsവി.കെ. നിഷാദ്, ടി.സി.വി. നന്ദകുമാർ
തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ഇടതു സ്ഥാനാർഥി ഉൾപ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്ത് വിധിച്ചു. ഇവർക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കേസിൽ രണ്ടുപേരെ വെറുതെ വിട്ടു.
പയ്യന്നൂർ നഗരസഭ വെള്ളൂർ മൊട്ടമ്മൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ വെള്ളൂർ വി.കെ. നിഷാദ് (35), വെള്ളൂർ അന്നൂരിലെ ടി.സി.വി. നന്ദകുമാർ (35), വെള്ളൂർ ആറാംവയലിലെ എ. മിഥുൻ (36), വെള്ളൂർ ആലിൻകീഴിൽ കുനിയേരിയിലെ കെ.വി. കൃപേഷ് (38) എന്നിവർ പ്രതികളായ കേസിലാണ് ഒന്നും രണ്ടും പ്രതികളായ വി.കെ. നിഷാദ്, ടി.സി.വി. നന്ദകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മറ്റു രണ്ടുപേരെയാണ് വെറുതെ വിട്ടത്.
പത്രിക നൽകുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാൽ നിഷാദിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, ശിക്ഷ സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും സ്ഥാനം രാജിവെക്കേണ്ടിവരും.
2012 ആഗസ്‌റ്റ് ഒന്നിന് പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് വിധി. അന്നത്തെ സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയിൽ ഷുക്കൂർ വധക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടുകയും നിരവധി അക്രമസംഭവങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു.
അന്ന് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺകാളിന്റെ അടിസ്ഥാനത്തിൽ, ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപത്തുള്ള യൂത്ത് കോൺഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവർത്തകർ ആക്രമിക്കുന്നുവെന്ന വിവരം അന്വേഷിച്ച് തിരിച്ചുവരുകയായിരുന്ന പയ്യന്നൂർ സ്റ്റേഷനിലെ എസ്.ഐ കെ.പി. രാമകൃഷ്‌ണൻ, അഡീ. എസ്.ഐ കുട്ടിയമ്പു, സി.പി.ഒ പ്രമോദ്, ഡ്രൈവർ നാണുക്കുട്ടൻ, കെ.എ.പിയിലെ അനൂപ്, ജാക്‌സൺ എന്നിവരടങ്ങിയ പൊലീസ് സംഘത്തിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ അന്നത്തെ എസ്.എഫ്.ഐ നേതാക്കളായ പ്രതികൾ ബോംബെറിയുകയായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂട്ടർമാരായ, യു. രമേശൻ, മധു എന്നിവർ സർക്കാറിനുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

