പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകടപ്പുറത്ത് പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മൊയ്നുദ്ദീൻ, ഷബീർ
ചാവക്കാട്: അഞ്ചങ്ങാടിയിൽ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
കടപ്പുറം മൂസാറോഡ് സ്വദേശികളായ പൊന്നാക്കാരൻ വീട്ടിൽ മുഹമ്മദ് ഷബീർ (38), ഇയാളുടെ സഹോദരീഭർത്താവ് പുതുവീട്ടിൽ മൊയ്നുദ്ദീൻ (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അഞ്ചങ്ങാടി വളവ് മൂസാ റോഡിലാണ് സംഭവം. വട്ടേക്കാട് ചന്ദനകുടം നേർച്ച ആഘോഷങ്ങൾക്കുശേഷം മേഖലയിൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തെയാണ് ഇവർ ആക്രമിച്ചത്. റോഡരികിൽ നിൽക്കുകയായിരുന്ന ഇരുവരോടും വീട്ടിൽ പോകാൻ എസ്.ഐ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.
വീട്ടിൽ പോകാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ എസ്.ഐയെ ഷബീർ ചവിട്ടി വീഴ്ത്തിയെന്നും സി.പി.ഒ ജയകൃഷ്ണന്റെ തലക്ക് കല്ല് ഉപയോഗിച്ച് ഇടിച്ചെന്നുമാണ് കേസ്. വധശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

