20 ലക്ഷത്തിന്റെ രാസലഹരിയുമായി രണ്ടുപേർ പിടിയിൽ
text_fieldsനജീബ്, നിഥിൻ
ആലങ്ങാട്: വിപണിയിൽ 20 ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ റൂറൽ ജില്ല പൊലീസിന്റെ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് കൂനമ്മാവ് പള്ളിപറമ്പിൽ നജീബ് (29), നിലമ്പൂർ വിളവിനമണ്ണിൽ നിഥിൻ (28) എന്നിവരെ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 200 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കോട്ടപ്പുറം-കൂനമ്മാവ് റോഡിൽ ആലങ്ങാട് ആയുർവേദ മരുന്നുകടയുടെ സമീപത്തുനിന്നാണ് സംഘത്തെ പിടികൂടിയത്. രാസലഹരി ബംഗളൂരുവിൽനിന്ന് കാറിൽ കടത്തുകയായിരുന്നു. ഇടക്ക് പൊലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ കടന്നുകളഞ്ഞ സംഘത്തെ കിലോമീറ്ററുകളോളം പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. വിദ്യാർഥികളും ഐ.ടി മേഖലയിലുള്ളവരും ചില സെലിബ്രിറ്റികളുമാണ് ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നത്.
വർഷങ്ങളായി മയക്കുമരുന്ന് വ്യാപാരം നടത്തുന്ന ഇവർ കേരളത്തിലെ വിൽപന സംഘത്തിലെ പ്രധാന കണ്ണികളാണ്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ആലങ്ങാട് എസ്.ഐമാരായ കെ.എ. മുഹമ്മദ് ബഷീർ, കെ.ആർ. അനിൽ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.എ. ബിജു, ഡാൻസാഫ് ടീം എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ആലങ്ങാട് എസ്.എച്ച്.ഒ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കേസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

