മയക്കുമരുന്നും പണവുമായി രണ്ടുപേർ കൂടി പിടിയിൽ
text_fieldsഷാഫിഖ്, ഷറഫുദ്ദീൻ, വിവേക്
വാഴക്കാട്: വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവയും പണവുമായി രണ്ടുപേരെ വാഴക്കാട് പൊലീസ് പിടികൂടി. വാഴക്കാട് ചെറുവായൂർ പൂവഞ്ചീരിക്കാവ് സ്വദേശി ഇ.പി. ഷറഫുദ്ദീൻ (30), കൊണ്ടോട്ടി മുസ്ലിയാരങ്ങാടി നെടിയിരുപ്പ് സ്വദേശി ഷാഫിഖ് (29) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് പൊന്നാട് അങ്ങാടിയിൽ വാഴക്കാട് പൊലീസ് നടത്തിയ വാഹന പരിശേധനയിലാണ് ഇവർ പിടിയിലായത്.
മയക്കുമരുന്ന് വിൽപനക്ക് കൊണ്ടുപോകുമ്പോഴാണ് ഷാഫിഖ് പിടിയിലായത്. ഇവരിൽനിന്ന് മൊബൈൽ ഫോണും 22,000 രൂപയും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച എസ്.യു.വി കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. ശറഫുദ്ദീൻ കഴിഞ്ഞ വർഷം ചെറുവായൂരിലുണ്ടായ അടിപിടിേക്കസിലെ ഒന്നാം പ്രതിയാണ്. ചെറുവായൂർ കുഴിബാട്ട് അൻവർ സാദിഖിനെ അടിച്ച് പരിക്കേൽപ്പിച്ച ക്വട്ടേഷൻ സംഘത്തലവനായ ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. അടിപിടിക്കേസിലെ കൂട്ടുപ്രതി വിവേകിനെ കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഷാഫിഖിനെയും ഷറഫുദ്ദീനെയും പിടികൂടിയത്.
ഇൻസ്പെക്ടർ കുഞ്ഞിമോയിൻകുട്ടി, എസ്.ഐ നൗഫൽ, എ.എസ്.ഐമാരായ കൃഷ്ണദാസ്, അജിത്ത്, സി.പി.ഒ റാഷിദ്, ജയപ്രകാശ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.