ഒട്ടുപാൽ മോഷണം: രണ്ടുപേർകൂടി പിടിയിൽ
text_fieldsമോഷണക്കേസിൽ പിടിയിലായവർ
മുണ്ടക്കയം: ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർകൂടി പിടിയിൽ. ചിറ്റടി ഐലുമാലിയിൽ ലിജു ചാക്കോ (38), മുണ്ടക്കയം 31ാംമൈൽ കണ്ണംകുളം ജിബിൻ കെ. ബേബി (32) എന്നിവരെയാണ് മുണ്ടക്കയം സി.ഐ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ 15നായിരുന്നു സംഭവം. മുണ്ടക്കയം ഇഞ്ചിയാനിയിൽ ആൾത്താമസമില്ലാത്ത തോക്കനാട്ട് ആൽവിന്റെ വീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാലാണ് മോഷ്ടിച്ചത്.
മോഷണം നടന്ന വീടിന്റെ സമീപത്തുകൂടി സഞ്ചരിച്ച വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചതിനെ തുടർന്ന് ഓട്ടോഡ്രൈവറായ ഇഞ്ചിയാനി അടക്കാ തോട്ടത്തിൽ രാജനെ (മാനി -63) അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കൂട്ടുപ്രതികളായ രണ്ടുപേരും ഒളിവിൽ പോയി. തുടർന്ന് ഇവരെ സുഹൃത്തുക്കൾ മുഖേന ഫോണിൽ വിളിച്ചുവരുത്തി ഏലപ്പാറയിൽനിന്ന് പിടികൂടുകയായിരുന്നു.
എ.എസ്.ഐ മനോജ്, സി.പി.ഒമാരായ ജോഷി, റോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.