ദലിത് സ്കൂൾ വിദ്യാർഥിനിയെ ഓട്ടോയിൽ പീഡിപ്പിച്ച രണ്ടുപേർക്ക് തടവ്
text_fieldsശിക്ഷിക്കപ്പെട്ട പ്രതികൾ
മംഗളൂരു: അമാഷെബൈലു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർക്ക് അഞ്ചുവർഷം വീതം തടവും 5000 രൂപ വീതം പിഴയും.
ഓട്ടോറിക്ഷ ഡ്രൈവർ ശരത് ഷെട്ടി (32), സുഹൃത്ത് പ്രശാന്ത് നായക് (28) എന്നിവർക്കാണ് ജഡ്ജി ശ്രീനിവാസ് സുവർണ അധ്യക്ഷനായ ഉഡുപ്പി ജില്ല പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം. ഇരക്ക് നഷ്ടപരിഹാരമായി 50,000 രൂപ നൽകാൻ കോടതി സർക്കാറിനോട് നിർദേശിച്ചു. ഇരയായ പട്ടികജാതി പെൺകുട്ടി ദിവസവും ഓട്ടോറിക്ഷയിലാണ് സ്‌കൂളിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്നത്.
കഴിഞ്ഞ വർഷം ജൂൺ 15ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ശരത് ഷെട്ടിയും പ്രശാന്തും റിക്ഷക്കുള്ളിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി അധ്യാപകരോട് പറഞ്ഞു.
തുടർന്ന് അവർ അമാഷെബൈലു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുന്താപുരം ഡിവൈ.എസ്.പി എച്ച്.ഡി കുൽക്കർണി 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി മച്ചാട്ടു ഗ്രാമവാസികളായ പ്രതികൾക്കെതിരെ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആകെ 32 തെളിവുകളോടെ, കോടതി ഏഴ് മാസത്തിനിടെ അതിവേഗ വിചാരണ നടത്തി പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

