20 ലക്ഷം വിലവരുന്ന മാരകവീര്യമുള്ള മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsമയക്കുമരുന്നുമായി പിടിയിലായ സനു, ലിജോ
ചാവക്കാട്: പാലയൂരിൽ 20 ലക്ഷത്തിൻ്റെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. കുന്നംകുളം പെരുമ്പിലാവ് കരിക്കാട് പുത്തൻകുളം കോട്ടപ്പുറത്ത് വീട്ടിൽ സനു (20), പാവറട്ടി എളവള്ളി ചിറ്റാട്ടുകര ഒല്ലുക്കാരൻ വീട്ടിൽ ലിജോ (26) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്റ്റൽ രൂപത്തിൽ രണ്ട് പാക്കറ്റുകളിലാക്കിയ 100 ഗ്രാം തൂക്കമുള്ള എം.ഡി.എം.എ എന്ന സിന്തറ്റിക് മയക്കു മരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഗ്രാമിന് ഇരുപതിനായിരം രൂപ വരെ വില വരുന്ന മാരക വീര്യമുള്ള മയക്കുമരുന്നാണിത്. പാലയൂരിൽ വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് കമ്മീഷണർ ആർ. ആദിത്യക്ക് ലഭിച്ചതിനെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എ.സി.പി ടി.ആർ. രാജേഷ്, ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷ്, ചാവക്കടവ് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജ് എന്നിവരുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാത്.
പ്രതികൾ പാലയൂർ ഭാഗത്തേക്ക് ബൈക്കിൽ വരുന്നുണ്ടെന്നു വിവരം ലഭിച്ച പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞു മുതുവട്ടൂർ, പാലയൂർ, ചാവക്കാട് ഭാഗങ്ങളിൽ തുടർച്ചയയായി നടത്തിയ തിരച്ചിൽ മുതുവട്ടൂർ പാലയൂർ റോഡിലുടെ വരുന്നത് കണ്ട് പൊലീസ് തടഞ്ഞു നിർത്തുകയായിരുന്നു.
ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണിവർ മറുപടി പറഞ്ഞത്. കൈയിലുണ്ടായിരുന്ന ബാഗിനുള്ളിൽ ഒളിപ്പിച്ച രീതിയിൽ 50 ഗ്രാം വീതം രണ്ട് പൊതികളിലാണ് മയക്ക് മരുന്ന് ഒളിപ്പിച്ചിരുന്നത്. ഒന്നാം പ്രതിയായ സനു നേരത്തെ പല കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സൺ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷണൻ, സീനിയർ സി.പി.ഒമാരായ പളനി സ്വാമി, ടി.വി. ജീവൻ, ഗുരുവായൂർ എസ്.ഐ ഗിരി, ചാവക്കാട് എസ്.ഐ. കെ. ഉമേഷ്, എ.എസ്.ഐമാരായ സജിത് കുമാർ, ബിന്ദുരാജ്, സുനു, സി.പി.ഒമാരായ എസ്. ശരത്ത്, കെ.കെ. ആശീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സ്‌ക്വാഡിൽ ഉണ്ടായിരുന്നത്.