ലോറിയിൽ കടത്തിയ 35 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചു; രണ്ടു പേർ അറസ്റ്റിൽ
text_fieldsമംഗളൂരു: മൈസൂരു രജിസ്ട്രേഷനുള്ള ലോറിയിൽ അനധികൃതമായി കടത്തുകയായിരുന്ന 65 കിലോയിലധികം കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഹുൻസൂർ താലൂക്കിലെ ബിലികെരെ ഹോബ്ലി നിവാസിയായ ഗണേഷ് (38), ആന്ധ്രാപ്രദേശ് അനന്തപൂരിലെ മോഹൻ റാവു കോളനിയിലെ പി ഗോപാൽ റെഡ്ഡി (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ദേശീയപാത 66 ലെ കിന്നിമുൾക്കിക്ക് സമീപം വാഹനം തടഞ്ഞ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒമ്പത് വലിയ ചാക്കുകളിലായി 65.039 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഏകദേശം 35 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
കഞ്ചാവിനും ലോറിക്കും പുറമേ ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 1,520 രൂപയും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം മാൽപെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കള്ളക്കടത്തിന്റെ ഉറവിടവും കള്ളക്കടത്ത് ശൃംഖലയിലെ മറ്റ് അംഗങ്ങളെയും കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണ്.
കാർക്കള സബ് ഡിവിഷനിലെ അസി. പൊലീസ് സൂപ്രണ്ടും സിഇഎൻ ക്രൈം പൊലീസ് സ്റ്റേഷന്റെ ചുമതലയുമുള്ള ഡോ. ഹർഷ പ്രിയംവദയുടെ നേതൃത്വത്തിലാണ് ഉഡുപ്പി സബ് ഡിവിഷനിലെ ഡിവൈഎസ്പി ഡിടി പ്രഭുവിന്റെ മാർഗനിർദേശപ്രകാരം ഓപറേഷൻ നടത്തിയത്. സിഇഎൻ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻ-ചാർജ് പൊലീസ് ഇൻസ്പെക്ടർ സർക്കിൾ ഇൻസ്പെക്ടർ രാമചന്ദ്ര നായക് (മാൽപെ), സ്റ്റാഫ് അംഗങ്ങളായ പ്രവീൺ കുമാർ, പ്രവീൺ ഷെട്ടിഗർ, യതീൻ കുമാർ, രാഘവേന്ദ്ര, ദീക്ഷിത്, നിലേഷ്, മായപ്പ, മുത്തപ്പ, പവൻ, മാൽപെ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രവീൺ, ഉഡുപ്പി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ശ്രീനിവാസ് എന്നിവരും പ്രത്യേക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

