മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
മണ്ണാർക്കാട്: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഒാടെ ടിപ്പു സുൽത്താൻ റോഡിൽ മുക്കണ്ണം പാലത്തിന് സമീപം 28 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായാണ് യുവാക്കൾ പിടിയിലായത്.
തെങ്കര കോൽപാടം രാഹുൽ (24), രാഹുൽ (23) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ആഡംബര കാറും പിടികൂടി. പിടിയിലായവർക്കെതിരെ നേരത്തെയും അബ്കാരി കേസുകളുൾപ്പെടെ നിലവിലുണ്ടെന്നും പിടികൂടിയ മയക്കുമരുന്നിന് മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്നും മണ്ണാർക്കാട് പൊലീസ് പറഞ്ഞു.
കോങ്ങാട്ട് നിന്നും മണ്ണാർക്കാട്ടേക്ക് വരുകയായിരുന്നു ഇവർ. സംശയം തോന്നി തടഞ്ഞു പരിശോധിച്ചപ്പോഴാണ് ദേഹത്ത് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനക്ക് മണ്ണാർക്കാട് സി.ഐ. പി. അജിത്കുമാർ, എസ്.ഐ. ജസ്റ്റിൻ, സി.പി.ഒമാരായ ഖമറുദ്ദീൻ, റമീസ്, ദാമോദരൻ, രാജൻ എന്നിവർ നേതൃത്വം നൽകി.