150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsചാലക്കുടി: ലോറിയിൽ കടത്തിയ 150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഷൊർണൂർ പരുത്തിപ്ര സ്വദേശി ഇടത്തൊടി വീട്ടിൽ അരുൺ (27), പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി തെക്കേപുരക്കൽ വീട്ടിൽ ഷൺമുഖദാസ് (27) എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ആന്ധ്രയിൽനിന്ന് പച്ചക്കറി കൊണ്ടുവരുന്ന ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. അറയുടെ മുകൾ ഭാഗം വലിച്ചുനീക്കുന്നതിനായി പ്രത്യേക രീതിയിൽ ചക്രങ്ങളും ഇരുമ്പുപട്ടയും ഘടിപ്പിച്ചിരുന്നു. അതിനു മുകളിൽ കാലിപ്പെട്ടികൾ നിരത്തിയ നിലയിലായിരുന്നു. പുതുക്കാട് സി.ഐ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ സിദ്ദീഖ് അബ്ദുൽഖാദർ, കൊടകര സി.ഐ ജയേഷ് ബാലൻ, ഹൈവേ പൊലീസ് എസ്.ഐ കെ.എൻ. ഉണ്ണികൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, പുതുക്കാട് സ്റ്റേഷനിലെ എസ്.ഐ പി.പി. ബാബു, എ.എസ്.ഐ സി.കെ. ബിനയൻ, ഷീബ അശോകൻ, അമൽ രാജ്, സൈബർ സെൽ ഉദ്യോഗസ്ഥരായ കെ.വി. പ്രജിത്ത്, പി.വി. രജീഷ്, ഹൈവേ പെലീസിലെ ഉദ്യോഗസ്ഥരായ വി.വി. വിപിൻലാൽ, ജി. ശ്രീനാഥ്, ബേസിൽ ഡേവീഡ് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരുമാസത്തിനുള്ളിൽ കൊരട്ടി, കൊടകര എന്നിവിടങ്ങളിൽനിന്നായി 300 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.