വിൽപനക്കായി എം.ഡി.എം.എ പാക്കറ്റുകളാക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
text_fieldsകാളികാവ്: വിൽപനക്കായി കൈവശം സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ഓപറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് 2.55 ഗ്രാം എം.ഡി.എം.എയുമായി ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ് (42), സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദ് (30) എന്നിവർ പിടിയിലായത്. നിലമ്പൂർ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളാക്കുന്ന സമയത്താണ് പൊലീസ് പരിശോധനക്കെത്തിയത്. 1000 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതികൾ എം.ഡി.എം.എ വിൽപന നടത്തിയിരുന്നത്. മുമ്പ് എം.ഡി.എം.എ കേസുകളിൽ ഉൾപ്പെട്ട റിയാസിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. മലയോരമേഖലയിൽ രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. ഇവർക്ക് എം.ഡി.എം.എ ലഭിച്ച ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എം.ഡി.എം.എ വിൽപനയിലൂടെ ലഭിച്ച 8000 രൂപയും മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും കണ്ടെടുത്തു. മേഖലയിൽ പരിശോധന ശക്തമായി തുടരും. എ.എസ്.ഐ മുഹമ്മദ് അസ്ലം, സി.പി.ഒ ഷാജിർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ് , ജിയോ ജേക്കബ്, സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

