ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ
text_fieldsപ്രതികളായ സുധർമ്മൻ, പ്രഭിൻ
ആലുവ: യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. പാലക്കാട് മരയമംഗലം മഠത്തിൽ വീട്ടിൽ പ്രഭിൻ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടിൽ സുധർമ്മൻ (21) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആലുവ സ്വദേശിയാണ് യുവതി. ഇവരിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുൻകൂർ വേണമെന്ന് പറഞ്ഞു. തുടർന്ന് യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസിന്‍റെ നിർദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി.
പണം വാങ്ങാൻ സ്ക്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് യുവതിയുടെ ഫോൺ നമ്പർ ഇവർക്ക് ലഭിച്ചത്. ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ കെ.എ. ടോമി, എൻ.കെ. അബ്ദുൽ ഹമീദ്, എസ്.സി.പി.ഒ മുഹമ്മദ് അഷറഫ്, കെ.എം ഷിഹാബ്, മാഹിൻ ഷാ അബുബക്കർ എന്നിവരാണ് പ്രത്യേക ടീമിൽ ഉണ്ടായിരുന്നത്.