മസാജ് സെന്ററിൽ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsജോസ് മാത്യു, മഹേഷ്
കാക്കനാട്: നഗരത്തിലെ മസാജ് സെന്ററിൽനിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേരാനെല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം വാടകക്ക് താമസിക്കുന്ന വേട്ടാപ്പറമ്പിൽ വീട്ടിൽ ജോസ് മാത്യു (30), പനങ്ങാട് വടക്കേ തച്ചപ്പിള്ളി വീട്ടിൽ മഹേഷ് (32) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാടിന് സമീപം പടമുഗൾ പാലച്ചുവട് റോഡിലെ സ്പായിൽ കയറി ഭീഷണിപ്പെടുത്തി 15,000 രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്.
പണം അപഹരിച്ചതിനുപുറമേ സ്ത്രീ ജീവനക്കാരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ തുക ആവശ്യപ്പെടുകയും മറ്റൊരു ജീവനക്കാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പിന്നെയും പണം അപഹരിച്ചതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ വെണ്ണല ഭാഗത്തുനിന്നാണ് തൃക്കാക്കര സി.ഐയും സംഘവും പിടികൂടിയത്. സംഭവത്തിൽ ഒരാൾക്കുകൂടി പങ്കുണ്ടെന്നും ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി. കവർച്ചക്ക് ഉപയോഗിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്.
ജോസ് മാത്യു കളമശ്ശേരി, എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും മഹേഷിനെതിരെ സംഘം ചേർന്ന് കവർച്ച നടത്തിയതിന് പനങ്ങാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.