മാംസക്കട അക്രമിച്ച് പണം കവർന്ന രണ്ടംഗസംഘം പിടിയിൽ
text_fieldsഅങ്കമാലി: തുറവൂർ മൂപ്പൻ കവലയിലെ മാംസവിൽപനക്കട ആക്രമിച്ച് 40,000 രൂപ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. തുറവൂർ പുല്ലാനി ചാലക്ക വീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു -30), തുറവൂർ തോപ്പിൽ വീട്ടിൽ അജയ്(24) എന്നിവരെ അങ്കമാലി പൊലീസാണ് പിടികൂടിയത്.
നവംബർ 20നായിരുന്നു സംഭവം. മാംസം വാങ്ങാനെന്ന വ്യാജേനയെത്തിയ സംഘം കടയിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നുവത്രേ.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പണം കവർന്നത്. ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയതോടെയാണ് കടന്നുകളഞ്ഞു.
കടക്കകത്ത് 30,000 രൂപയുടെ നാശനഷ്ടവും വരുത്തിയിരുന്നു. ഇരുവരും കിഴക്കമ്പലത്തുള്ള ലോഡ്ജിൽ കേന്ദ്രീകരിച്ചതായി അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതോടെയാണ് പ്രതികൾ പൊലീസ് വലയിലായത്.
സംഭവത്തിലെ പ്രധാന സൂത്രധാരനായ വിഷ്ണു വിവിധ സ്റ്റേഷനുകളിൽ 11 കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അങ്കമാലി സി.ഐ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർ എസ്. സാദത്ത്, എസ്.സി.പി.ഒമാരായ സാനി തോമസ്, കെ.എസ്. വിനോദ്, എൻ.എം. അഭിലാഷ്, ബെന്നി ഐസക്, പ്രസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.