പൊലീസിന്റെ കൃത്യനിർവഹണം; തടസ്സപ്പെടുത്തൽ: രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsആമ്പല്ലൂർ: പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ രണ്ട് പ്രതികളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാനിക്കര മേനോൻ റോഡ് വെല്ലന്നൂർ പറമ്പിൽ മുഹമ്മദ് അഫ്താബ് (23), മണ്ണുത്തി കൊഴുക്കുള്ളി അമ്പലമൂല കുണ്ടുകുളങ്ങര അമൽ (20) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ആമ്പല്ലൂർ ശ്രീലക്ഷ്മി സിനിമ തിയറ്ററിൽ സിനിമ കാണാനെത്തിയ പ്രതികൾ തിയറ്ററിനുള്ളിൽ സീറ്റുകളിൽ എഴുന്നേറ്റുനിന്ന് തുള്ളിച്ചാടി ഡാൻസ് കളിക്കുകയും ബഹളം വെച്ച് മറ്റ് പ്രേക്ഷകർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാനെത്തിയ പുതുക്കാട് സ്റ്റേഷനിലെ ജി.എ.എസ്.ഐ സുബാഷ് ലാൽ, സി.പി.ഒമാരായ അമൽരാജ്, പോൾസൺ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മുഹമ്മദ് അഫ്താബ് മണ്ണുത്തി, പീച്ചി പൊലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, പെട്ടി ഓട്ടോറിക്ഷയുടെ ഇന്ധനടാങ്കിൽ ഉപ്പ് വാരിയിട്ട് 25,000 രൂപയുടെ നഷ്ടം വരുത്തിയതും ഉൾപ്പടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അമൽ മണ്ണുത്തി, പീച്ചി, പേരാമംഗലം സ്റ്റേഷൻ പരിധികളിലായി വധശ്രമം, അടിപിടി ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ, എസ്.ഐ രാജേഷ്, എ.എസ്.ഐ സുബാഷ്ലാൽ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ ബൈജു, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദീപക്, പോൾസൺ, അരുൺ, സിവിൽ പൊലീസ് ഓഫിസർമാരായ അമൽരാജ്, ബേസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

