മേൽപാത നിർമ്മാണ സ്ഥലത്ത് നിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ രണ്ട് പേർ പിടിയിൽ
text_fieldsകഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലത്തു നിന്നും നിർമ്മാണ സാമഗ്രഹികൾ മോഷ്ടിച്ചു കടത്തിയ രണ്ടു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. വർക്കല വെട്ടൂർ സ്വദേശികളായ ഷാനവാസ്(56), ഷഫീഖ് (31) എന്നിവരാണ് കഴക്കൂട്ടം പിടിയിലായത്.
ശനിയാഴ്ച രാത്രി പിക് അപ് വാഹനത്തിലാണ് കോൺക്രീറ്റിന് താങ്ങി നിർത്താൻ ഉപയോഗിക്കുന്ന ഇരുമ്പ് തൂണുകൾ കടത്തിയത്. ഇരുമ്പ് തൂണുകൾ മോഷണം പോയ വിവരം സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് കഴക്കൂട്ടം പൊലീസിനെ അറിയിച്ചത്.
തുടർന്ന് മോഷ്ടിച്ച ഇരുമ്പ് പൈപ്പുകളുമായി കടന്ന പ്രതികളെ സുരക്ഷാ ക്യാമറ നിരീക്ഷിച്ച് കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. മേൽപ്പാല നിർമ്മാണ സ്ഥലത്തു നിന്ന് ഇതിന് മുൻപും സാധനങ്ങൾ മോഷണം പോയതായി നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് പോലീസിന് കൊടുത്ത പരാതിയിൽ പറയുന്നു.
മോഷ്ടിച്ച പൈപ്പും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. കഴക്കൂട്ടം എസ്.എച്ച്.ഒ ജെ എസ് പ്രവീണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.