രണ്ടര വയസ്സുകാരിയുടെ കൊലപാതകം: മാതാവിെൻറ മൊഴിയെടുത്തു
text_fieldsഫാത്തിമ നസ്റി
കാളികാവ്: രണ്ടര വയസ്സുകാരി ഫാത്തിമ നസ്റീനെ പിതാവ് മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പൊലീസ് കുഞ്ഞിന്റെ മാതാവ് ഷഹബാനത്തിന്റെ മൊഴിയെടുത്തു. കരുളായി വരക്കുളത്തെ വീട്ടിലെത്തിയാണ് ബുധനാഴ്ച കാളികാവ് പൊലീസ് മൊഴിയെടുത്തത്. കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിന്റെ മർദനത്തിലാണ് കുട്ടി മരിച്ചതെന്ന് ഷഹബാനത്ത് മൊഴി നൽകിയതായി പൊലീസ് സൂചിപ്പിച്ചു.
ഞായറാഴ്ചയാണ് ഫാത്തിമ നസ്റിൻ മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീടാണ് കൊലപാതകമെന്ന് വ്യക്തമായത്. ഫായിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കുറ്റം തെളിയിക്കാൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കാളികാവ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. മഞ്ചേരി സബ് ജയിലിലാണ് റിമാൻഡിൽ പാർപ്പിച്ചിരിക്കുന്നത്.അടുത്ത ദിവസംതന്നെ ഫായിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ.
തുടർന്ന് കുട്ടി കൊല്ലപ്പെട്ട ഉദരംപൊയിലിലെ വീട്ടിൽ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും. അതിനിടെ, രണ്ടര വയസ്സുകാരിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സ്വമേധയാ കേസെടുക്കാൻ ഹൈകോടതി നടപടി തുടങ്ങിയിട്ടുണ്ട്.
കേസ് അടുത്തയാഴ്ച പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി, കാളികാവ് എസ്.എച്ച്.ഒ എന്നിവരെ കേസിൽ കക്ഷിചേർക്കും. അതേസമയം, കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഉന്നത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ആക്ഷൻ കൗൺസിൽ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

