വീട്ടമ്മയുടെ മാല കവർന്ന രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: കണ്ണിയംപുറത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ പ്രതികളായ രണ്ട് പേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചാലംമൂട് പെരിനാട് കാവനാട് ശശി (44 ), ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല തറയിൽ ഉണ്ണികൃഷ്ണൻ (31) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24 നായിരുന്നു സംഭവം. കണ്ണിയംപുറം ചൈതന്യയിൽ രാമകൃഷ്ണെൻറ ഭാര്യ നിർമല കുമാരിക്കാണ് (59) രണ്ട് പവൻ മാല നഷ്ടമായത്.
ക്ഷീര സംഘത്തിൽനിന്ന് പാൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ഇവരെ തള്ളിവീഴ്ത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞു. പൊലീസ് കേസ് എടുത്തെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പൊലീസ് സമാനമായ കേസിൽ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് കണ്ണിയംപുറത്തെ മാല മോഷണം പുറത്തായത്.
മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ഒറ്റപ്പാലം പൊലീസ് പൊന്നാനി കോടതിയിൽ നേരത്തേ സമർപ്പിച്ച ഹർജി പരിഗണിച്ച സഹാഹചര്യത്തിലാണ് ഒറ്റപ്പാലം പൊലീസിെൻറ അറസ്റ്റ്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മോഷ്ടിച്ച സ്വർണം കൊല്ലം, ആലപ്പുഴ ഭാഗങ്ങളിലാണ് വിൽപന നടത്താറുള്ളതെന്നും ഇവരുടെ ഇടപാടുമായി ബന്ധമുള്ള ബൈജു, ദീപക് എന്നിവരെ ഉടൻ പിടികൂടുമെന്നും സി.ഐ വി. ബാബുരാജ് പറഞ്ഞു.

