പന്ത്രണ്ടുകാരെൻറ മരണം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsമൂന്നാർ: സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൻദേവൻ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആർ ഡിവിഷനിലെ കുട്ടിത്തമ്പിയുടെ മകൻ ബിബിനെയാണ് (12) മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹവും വീടും വിശദമായി പരിശോധിച്ച് പരമാവധി തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്ന് മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ.പി. അറിയിച്ചു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ സേവനവും പൊലീസ് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ മൊഴി വിശദമായി എടുക്കുവാൻ കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനകം അവരുടെ മൊഴികൂടി കിട്ടിയാൽ അന്വേഷണം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പൊലീസിെൻറ നിഗമനം.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. തോട്ടത്തിൽ ജോലിക്കുപോയ മാതാപിതാക്കൾ നാലരക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാരിയുടെ ഒരുഭാഗം ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു.