Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുർക്കിയ പിടികൂടി നാടുകടത്തി; ദാവൂദ് സംഘത്തിലെ സലിം ഡോളയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു

text_fields
bookmark_border
Salim Dola
cancel
camera_alt

ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്ത അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനും തിരയുന്ന പ്രതിയുമായ സലിം ഇസ്മായിൽ ദോലയുടെ ദൃശ്യം.

അഹമ്മദാബാദ്: 2022ൽ വഡോദരയിലെ ഫാക്ടറിയിൽ നിന്ന് 438.64 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടിച്ചെടുത്ത കേസിൽ ദാവൂദ് ഇബ്രാഹീം സംഘാഗമായ സലിം ഇസ്മായിൽ ഡോള അറസ്റ്റിൽ. തുർക്കിയയിൽ പിടിയിലായ ഇയാളെ നേരത്തെ നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഡോള വിതരണം ചെയ്തതായും പിന്നീട് ഉൽപന്നം വിറ്റതായും അധികൃതർ പറഞ്ഞു. ഡോളയുടെ സംഘം വിദേശത്തേക്ക് നിയമപരമായി കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ നിറച്ച കണ്ടെയ്‌നറുകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുകയായിരുന്നു എന്നാണ് ആരോപണം. ഈ കടത്ത് പിടിക്കപ്പെടാതിരിക്കാനും വിദേശത്ത് ചരക്കുകൾ സ്വീകരിക്കാനും ലക്ഷ്യരാജ്യങ്ങളിൽ വ്യാജ കമ്പനികളും സംഘം രൂപീകരിച്ചിരുന്നു.

ഈ വർഷം ഏപ്രിലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് സലിം ഡോളയെ തുർക്കിയയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്ത്യയുടെ അഭ്യർഥനപ്രകാരം 2024 മാർച്ചിൽ പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലായിരുന്നു തുർക്കിയയിൽ ഇയാൾ അറസ്റ്റിലായത്. ഒക്ടോബർ 31 ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഡോളയെ കസ്റ്റഡിയിലെടുത്തതായി എ.ടി.എസ് അസി. പൊലീസ് കമ്മീഷണർ പറഞ്ഞു.

2022 ഡിസംബർ 1ന് വഡോദര ജില്ലയിൽ സിന്ധ്‌റോട്ട് ഗ്രാമത്തിന് സമീപമുള്ള മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൽ ഗുജറാത്ത് എ.ടി.എസ് റെയ്ഡ് നടത്തിയപ്പോഴാണ് 87.728 കിലോഗ്രാം മെഫെഡ്രോൺ പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 438.64 കോടി രൂപ വിലമതിക്കുമെന്നാണ് കണക്ക്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ ആകെ 10 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസിന്റെ അന്വേഷണത്തിനിടെ സലിം ഇസ്മായിൽ ഡോള വിദേശത്തിരുന്ന് മയക്കുമരുന്ന് ശൃംഖല പ്രവർത്തിപ്പിച്ചതായി വ്യക്തമായതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. രാസവസ്തുക്കളുടെ ഉറവിടം, സാമ്പത്തിക ഇടപാടുകൾ, മയക്കുമരുന്നിന്റെ വിതരണ ശൃംഖല, സംഘത്തിലെ മറ്റ് അംഗങ്ങളുടെ പങ്കാളിത്തം എന്നിവ കണ്ടെത്തുന്നതിനായി എടിഎസ് ഇപ്പോൾ സലിം ഡോളയെ ചോദ്യം ചെയ്തുവരികയാണ്.

സലിം ഡോള മുംബൈയിൽനിന്ന് ഗൾഫ് രാജ്യത്തേക്ക് കടക്കുകയും പിന്നീട് കെനിയയിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതിനിടെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വഡോദരയിലെ മയക്കുമരുന്ന് നിർമാണശാലയിൽ ഉൽപ്പാദിപ്പിച്ച മെഫെഡ്രോൺ മുംബൈയിലെത്തിച്ച് സലിം ഡോളയുടെ കൂട്ടാളികൾക്ക് കൈമാറിയിരുന്നതായാണ് നേരത്തെയുള്ള അന്വേഷണത്തിൽ വ്യക്തമായത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ലഹരിക്കടത്ത് കേസുകളിൽ സലിം ഡോളക്ക് പങ്കുളളതായും ലഹരിമരുന്നുമായി ബന്ധപ്പെട്ട് ഏകദേശം 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എടിഎസ് അറിയിച്ചു. 1998ൽ മുംബൈ വിമാനത്താവളത്തിൽ 40 കിലോയോളം മാൻഡ്രാക്‌സും, 2013ൽ 79 കിലോ ചരസുമായും 2018ൽ 1,000 കോടി രൂപയോളം വിലമതിക്കുന്ന ഫെന്റനിൽ മയക്കുമരുന്ന് കേസിലും ഡോള അറസ്റ്റിലായിട്ടുണ്ടെന്ന് എടിഎസ് അറിയിച്ചു.

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കാലയളവിൽ സലിം ഡോളക്ക് അഭയം നൽകിയവർ ആരൊക്കെയാണെന്നും, സഞ്ചരിക്കാൻ ഉപയോഗിച്ച വഴികളും മാർഗങ്ങളും ഏതൊക്കെയാണെന്നും, യാത്രക്കും താമസത്തിനും ആവശ്യമായ സഹായം നൽകിയത് ആരാണെന്നും എടിഎസ് അന്വേഷിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Turkey Deports Dawood Gang Member Salim Dola; Gujarat Police Arrest Him
Next Story