അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദനം
text_fieldsഅഗളി: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പുതൂർ പാലൂര് സ്വദേശി മണികണ്ഠനാണ് (26) മര്‍ദനമേറ്റത്. പാലൂരിൽ പലചരക്ക് കട നടത്തുന്ന രാമരാജ് ഔഷധസസ്യങ്ങളുടെ രണ്ട് വലിയ കെട്ട് വേരുകൾ കടയിൽ സൂക്ഷിച്ചിരുന്നു.
ഇതിനിടെ പിതാവിെൻറ മരണത്തെ തുടർന്ന് കുറച്ച് ദിവസം കട അടച്ചിടേണ്ടി വന്നു. പിന്നീട് തുറന്നപ്പോൾ വേരുകൾ കാണാത്തതിനെ തുടർന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണികണ്ഠനെയും കൂട്ടാളികളേയും പിടികൂടുകയും പൊലീസ് സാന്നിധ്യത്തിൽ രാമരാജിന് നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. ഇത് വാങ്ങുന്നതിനിടെ ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസിൽ അറിയിച്ചിട്ടും കേസെടുത്തില്ലെന്ന് മണികണ്ഠൻ്റെ അമ്മ പാപ്പ പറഞ്ഞു. എന്നാൽ, മർദനം നടന്നിട്ടില്ലെന്നാണ് മറുപക്ഷം പറയുന്നത്.
ഡിസംബർ ഏഴിനായിരുന്നു ഈ സംഭവം. അവശ നിലയിലായ മണികണ്ഠനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കുകളുള്ള കാര്യം കണ്ടെത്തിയത്. ഇതോടെ പുതൂർ പൊലീസിലേക്ക് വിവരം കൈമാറുകയായിരുന്നു.
തലയോട്ടിയിലെയും മറ്റും ശസ്ത്രക്രിയകൾക്ക് ശേഷം മണികണ്ഠൻ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതക ശ്രമമുൾപ്പെടെ കുറ്റങ്ങൾ ചുമത്തി രാമരാജിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

