ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്: നടപടി സസ്പെന്ഷനിലൊതുങ്ങുന്നു
text_fieldsrepresentational image
പത്തനംതിട്ട: ജില്ല ട്രഷറിയിൽ എട്ടുലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയവർക്കെതിരായ നടപടികള്‍ സസ്പെന്ഷനിലൊതുങ്ങുന്നു.
തട്ടിപ്പ് നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്യാനോ മറ്റ് നിയമനടപടിയിലേക്ക് കടക്കാനോ അധികൃതർ തയാറായിട്ടില്ല. ട്രഷറി ആസ്ഥാന കാര്യാലയ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ജില്ല ട്രഷറിയില്‍ പരിശോധന നടത്തി തട്ടിപ്പ് ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും തുടർനടപടിക്ക് മടിക്കുന്നത് യൂനിയനുകളുടെ സമ്മർദം മൂലമാണെന്നാണ് ആരോപണം. തട്ടിപ്പ് സംബന്ധിച്ച് റാന്നി പെരുനാട് പൊലീസാണ് കേസ് എടുത്തത്. പത്തനംതിട്ട ജില്ല ട്രഷറിയില്‍ ഒരു വ്യക്തിയുടെ പേരില്‍, വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി വ്യാജമായി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും മരിച്ച സ്ഥിരനിക്ഷേപകയുടെ പേരില്‍ ജില്ല ട്രഷറിയില്‍ നിലനിന്ന നാല് സ്ഥിരനിക്ഷേപങ്ങളില്‍ ഒന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് ക്ലോസ് ചെയ്ത് ആ തുകയും ഇവരുടെ പേരിലെ മറ്റ് മൂന്ന് സ്ഥിരനിക്ഷേപങ്ങളുടെ പലിശയിനത്തിലുള്ള തുകയും വ്യാജ അക്കൗണ്ടിലേക്ക് മറ്റിയതായാണ് കണ്ടെത്തിയത്.
കൂടാതെ മരിച്ച ഈ സ്ഥിരനിക്ഷേപകയുടെ പേരിലുള്ള ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് അതിലെ നീക്കിയിരിപ്പ് തുകയും വ്യാജ അക്കൗണ്ടില്‍ വരവുവെച്ചതായും ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ ബോധ്യമായതായി സസ്പെന്ഷന് ഉത്തരവില്‍ പറഞ്ഞിരുന്നു.
വ്യാജ അക്കൗണ്ടിലേക്ക് പലതവണയായി 8,13,468 രൂപ വരവുവെക്കുകയും അതില്‍നിന്ന് ഏഴുതവണയായി വിവിധ ട്രഷറികളില്‍നിന്ന് 8,13,000 രൂപ പിന്‍വലിച്ചതായും ബോധ്യപ്പെട്ടിരുന്നു.
തുടർന്നാണ് ഉത്തരവാദികളായ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. കോന്നി സബ് ട്രഷറി ഓഫിസര്‍ രജി കെ. ജോണ്‍, ജില്ല ട്രഷറി ജൂനിയര്‍ സൂപ്രണ്ട് കെ.ജി. ദേവരാജന്‍, റാന്നി-പെരുനാട് സബ്ട്രഷറി ട്രഷറര്‍ സി.ടി. ഷഹീര്‍, ജില്ല ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് ആരോമല്‍ അശോകന് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ട്രഷറിയിലെ സഹപ്രവര്‍ത്തകരുടെ പാസ്വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സസ്പെന്‍ഷനിലായ മൂന്നുപേരും ഭരണാനുകൂല സംഘടനയുടെ സജീവപ്രവര്‍ത്തകരാണ്.