ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ തലക്കടിച്ച് പരിക്കേൽപ്പിച്ചു
text_fieldsപരിക്കേറ്റ ആൽബിൻ
കഴക്കൂട്ടം: ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ തലക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ശ്രീകാര്യം ചെറുവയ്ക്കൽ ശാസ്താംകോണത്ത് വാടകക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാർക്കുമാണ് സമീപവാസികളുടെ മർദനമേറ്റത്. ട്രാൻസ്മെൻ ഇടുക്കി സ്വദേശി ആൽബിനെ (22) തലയ്ക്ക് മരക്കഷണം കൊണ്ട് അടിച്ച് പരിക്കേൽപിച്ചു. ഗുരുതര പരിക്കേറ്റ ആൽബിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ രണ്ടുപേരെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന അനിൽകുമാർ (47), രാജീവ് (42) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
24ന് രാത്രി വീട്ടിൽ നിന്നും പുറത്തേക്ക് പോകാനിറങ്ങിയ ലൈജുവിനും കുട്ടികൾക്കുംനേരെ സമീപത്തെ റോഡിൽ നിന്ന അഞ്ചംഗ സംഘം ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ആൽബിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചത്. മദ്യ ലഹരിയിൽ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ മതിയായ വകുപ്പുകൾ ചുമത്തിയല്ല പൊലീസ് കേസെടുത്തതെന്ന് ലൈജു ആരോപിച്ചു. വധശ്രമത്തിന് ഐപിസി 308 പ്രകാരമാണ് കേസെടുത്തതെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു.