പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ
text_fieldsഅഭിജിത്
പത്തനംതിട്ട: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന യുവാവ് പിടിയിൽ. ഏനാദിമംഗലം മാരൂർ കണ്ടത്തിൽ പറമ്പിൽ വീട്ടിൽനിന്ന് കൊല്ലം പുനലൂർ കരവാളൂർ മാത്ര നിരപ്പത്ത് ഫെസിയ മൻസിലിൽ നസീമയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന അഭിജിത്താണ് (20) കൂടൽ പൊലീസിന്റെ പിടിയിലായത്. കേരളം വിട്ട പ്രതി, ആന്ധ്രപ്രദേശിൽ പിതാവ് താമസിക്കുന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷനുകൾ മനസ്സിലാക്കിയ പൊലീസ് സംഘം അവിടേക്ക് നീങ്ങുമ്പോഴേക്കും മുങ്ങിയിരുന്നു. ഇതിനിടെ, ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. പൊലീസ് അവിടെയെത്തുന്നതിന് മിനിറ്റുകൾക്കുമുമ്പ് കടന്നു. ആന്ധ്രയിലും തമിഴ്നാട്ടിലുമായി മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതി ബുധനാഴ്ച ഉച്ചയോടെ പൊലീസ് വലയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, കൂടലിൽ എത്തിച്ച് പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ ദിജേഷ്, സി.പി.ഒമാരായ സുമേഷ്, അനൂപ്, രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.