തോക്ക് സംസ്കാരം അരികെ? ക്ലാസ്മുറിയിൽ വെടിയൊച്ച
text_fieldsതൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവെപ്പ് നടത്തിയ ജഗൻ തോക്ക് പുറത്തെടുക്കുന്ന നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യം
തൃശൂർ: തോക്കുമായെത്തിയ പൂർവവിദ്യാർഥിയുടെ പരാക്രമത്തിൽ സ്കൂൾ നടുങ്ങി. ക്ലാസ് മുറിയിൽ കയറി വിദ്യാർഥികൾക്ക് നേരെ എയർപിസ്റ്റൾ ചൂണ്ടുകയും ആകാശത്തേക്കും താഴേക്കും വെടിയുതിർക്കുകയും ചെയ്ത യുവാവിനെ ഉടൻ പൊലീസെത്തി കീഴ്പ്പെടുത്തി. 2021ൽ പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ചിൽ പ്രവേശനം നേടുകയും പ്ലസ് വൺ പഠനം പാതിവഴിയിൽ നിർത്തുകയും ചെയ്ത മുളയം അയ്യപ്പൻകാവ് സ്വദേശി തടത്തിൽ വീട്ടിൽ ജഗനെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ നഗരത്തിലെ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലാണ് അധ്യാപകരേയും വിദ്യാർഥികളേയും മുൾമുനയിലാക്കിയ സംഭവം. ചൊവ്വാഴ്ച രാവിലെ 10.05 നാണ് ജഗൻ സ്കൂളിൽ അതിക്രമിച്ച് കയറിയത്. ഗേറ്റിന് തൊട്ടടുത്തുള്ള പ്രിൻസിപ്പലിന്റെ മുറിയിലെത്തിയ ഇയാൾ പഠനകാലത്ത് തന്റെ കൈയിൽനിന്ന് പിടിച്ചുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ടി.എസ്. പത്മജ, സ്റ്റാഫ് സെക്രട്ടറി പി. ഭാഗ്യലക്ഷ്മി, അധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവർ ഓഫിസിലുണ്ടായിരുന്നു. അക്ഷമനാവുകയും തട്ടിക്കയറുകയും അസ്വസ്ഥനായി നടക്കുകയും ചെയ്തതോടെ സമാധാനിപ്പിച്ച് കസേരയിൽ ഇരുത്തി.
ഇതോടെ ഇയാൾ ബാഗിൽനിന്ന് എയർ പിസ്റ്റൾ പുറത്തെടുത്തു. ചില അധ്യാപകരുടെ പേര് ചോദിച്ച് ഇവർ എവിടെയെന്ന് തിരക്കി. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് പുറത്തിറങ്ങി സ്റ്റാഫ് റൂമും പ്ലസ് ടു ക്ലാസുകളുമുള്ള മഹാത്മാഗാന്ധി ബ്ലോക്കിലെ ഒന്നാം നിലയിലേക്ക് കയറി. ഇതോടെ പൊലീസിൽ അറിയിച്ച ശേഷം അധ്യാപകർ ഇയാളെ അനുനയിപ്പിക്കാൻ പിന്നാലെ ചെന്നു. സ്റ്റാഫ് റൂമിൽ തോക്കുമായി ബഹളമുണ്ടാക്കി പുറത്തിറങ്ങിയ ഇയാൾ പ്ലസ് ടു സി ക്ലാസിൽ കയറി കതകടച്ച് വിദ്യാർഥികൾക്കുനേരെ തോക്കു ചൂണ്ടി. തുടർന്ന് താഴേക്ക് വെടിവെച്ചു. പിന്നീട് ബി ക്ലാസിലേക്കെത്തി തോക്ക് ആകാശത്തേക്ക് ചൂണ്ടി വെടിപൊട്ടിച്ചു. ഇതിൽ ഉണ്ടയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ശബ്ദം കേട്ട് വിദ്യാർഥികൾ അമ്പരന്നു. ഒന്നാം നിലയിലെ വരാന്തയിലൂടെ നടക്കുന്നതിനിടെ പൊലീസെത്തി. ഇതുകണ്ട് ഒന്നാം നിലയിൽനിന്ന് ചാടി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജഗൻ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ വീണു. പൊലീസ് കീഴ്പ്പെടുത്തി ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. മാതാപിതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
പത്താം ക്ലാസ് മുതൽ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് മാതാപിതാക്കൾ നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. രണ്ട് തവണ ചികിത്സക്ക് വിധേയനാക്കിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. മുമ്പ് ചികിത്സിച്ച രേഖകളും പൊലീസ് പരിശോധിച്ചു. മജിസ്ട്രേറ്റ് പ്രതിയെ ജാമ്യത്തിൽ വിട്ടു. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

