എട്ട് കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടികൂടിയ കഞ്ചാവുമായി റിൻഷാദ്. ഇൻസെറ്റിൽ സുകന്യ, ജുനൈദ്
ആലപ്പുഴ: മാരാരിക്കുളത്തും കണിച്ചുകുളങ്ങരിയിലും കഞ്ചാവ് വേട്ടയിൽ എട്ട് കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
എറണാകുളം ഞാറക്കൽ കളത്തിൽവീട്ടിൽ സുകന്യ (25), മലപ്പുറം മേൽമുറി അണ്ടിക്കാട് ജുനൈദ് (26), മലപ്പുറം കോട്ടൂർ കൊയ്നിപറമ്പിൽ റിൻഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ആറുലക്ഷത്തോളം രൂപ വിലവരും.
ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും മാരാരിക്കുളം പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ മതിലകം ആശുപത്രി ഭാഗത്തുനിന്നും കണിച്ചുകുളങ്ങര ക്ഷേത്രപരിസരത്തുനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ചേർത്തല ഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ വാഗൺ ആർ കാറിൽ കൊണ്ടുവന്ന കഞ്ചാവ് കൈമാറുന്നതിന് ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.
സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ല അടിസ്ഥാനത്തിൽ രൂപവത്രിച്ച ഡാൻസാഫ് സ്ക്വാഡിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം പൊലീസുമായി ചേർന്ന് ചേർത്തലയിലും പരിസരത്തും പരിശോധന നടത്തുന്നതിനിടെ വാഗൺ ആർ കാറിൽനിന്ന് ഒരാൾ ബാഗുമായി ഓടിപ്പോകുകയായിരുന്നു. തുടർന്നാണ് രണ്ടുപേരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തു. കാറിൽനിന്ന് രക്ഷപ്പെട്ടത് മലപ്പുറം സ്വദേശിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണിച്ചുകുളങ്ങര ഭാഗത്തുനിന്ന് ആറുകിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. പ്രതികളിൽ ജുനൈദ് ആന്ധ്രയിൽനിന്ന് കഞ്ചാവ് വാങ്ങി എറണാകുളത്തും ആലപ്പുഴയിലും മൊത്ത വിൽപനക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
മാരാരിക്കുളം സി.ഐ എസ്. രാജേഷ്, എസ്.ഐ സെസിൽ ക്രിസ്റ്റ് രാജ്, എ.എസ്.ഐമാരായ ജോഷി, അനിൽ, രാജേഷ്, ജാക്സൺ, റെജിമോൻ, സി.പി.ഒമാരായ രാജേഷ്, ജഗദീഷ്, സനു രാജ്, ശ്രീദേവി, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഇല്യാസ്, എ.എസ്.ഐ സന്തോഷ്, ജാക്സൺ, പൊലീസുകാരായ ഉല്ലാസ്, എബി തോമസ്, അബിൻ, ഷാഫി, ജിതിൻ, അനൂപ്, ശ്രീജ, റോസ് നിർമല എന്നിവർ നേതൃത്വം നൽകി.