77 ഗ്രാം എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ
text_fieldsഅഫ്സൽ അലിയാർ, അൻവർഷാ, അഷ്കർ
കോട്ടയം: ബംഗളൂരുവിൽനിന്ന് സ്വകാര്യ ബസിൽ എം.ഡി.എം.എയുമായി എത്തിയ മൂന്നു യുവാക്കൾ പാലായിൽ എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായി. ഇവരിൽനിന്ന് 77 ഗ്രാം എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്.
എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), എൻ.എൻ. അൻവർഷാ (22), അഫ്സൽ അലിയാർ (21) എന്നിവരെയാണ് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽപന നടത്താനാണ് മയക്കുമരുന്ന് എത്തിച്ചത്.
ചെക്കിങ് ഒഴിവാക്കാൻ അതിരാവിലെ ബംഗളൂരുവിൽനിന്നുള്ള സ്വകാര്യ ബസിൽ പാലായിൽ എത്തിയ പ്രതികളെ കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിൽ സാഹസിക നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതികളുടെ ബാഗിൽനിന്നാണ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതികൾ സ്വന്തം ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ലഹരിയുടെ വഴി കണ്ടെത്തിയത്. ആഴ്ചയിൽ രണ്ടുതവണ ബംഗളൂരുവിലേക്ക് യാത്ര പോവാറുള്ള ഇവരെ എക്സൈസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.കോട്ടയത്തെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളാണ് ഇവർ. എൻ.ഡി.പി.എസ് നിയമപ്രകാരം 20 വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

