മാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsമാലകവർന്ന കേസിൽ പിടിയിലായവർ
തിരുവട്ടാർ: മക്കളെ സ്കൂളിൽ നിന്ന് വിളിക്കാൻ സ്കൂട്ടറിൽ പോയ വീട്ടമ്മയെ ആക്രമിച്ച് ഏഴു പവൻ ആഭരണം കവർന്ന സംഭവത്തിൽ മൂന്നുപേരെ തിരുവട്ടാർ പൊലീസ് അറസ്റ്റ് ചെയ്തു. ശുചീന്ദ്രം വഴുക്കംപാറ സ്വദേശി വിഘ്നേഷ് (20), കുളച്ചൽ ഉടയാർവിള സ്വദേശി നിതീഷ് രാജ് (22), ചെമ്പൊൻ വിള സ്വദേശി പ്രേംദാസ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവർക്കെതിരെ ശുചീന്ദ്രം, കുളച്ചൽ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകക്കുറ്റം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ഇതിൽ വിഘ്നേഷ് മണ്ടയ്ക്കാട് കൊട സമയത്ത് കളിപ്പാട്ടം കച്ചവടത്തിന് വന്നപ്പോഴാണ് ഐസ് കച്ചവടം നടത്തിവന്ന കുളച്ചൽ സ്വദേശികളായ രണ്ടുപേരെയും പരിചയപ്പെട്ടത്. അവിടെ വെച്ച് മോഷണം തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. തുടർന്നാണ് നിതീഷ് രാജയുടെ ബൈക്കിൽ ഇവർ തൃപ്പരപ്പ് ഭാഗത്തേക്ക് പോകുമ്പോൾ തിരുവട്ടാർ മൂവാറ്റ് മുഖത്തുവെച്ച് വീട്ടമ്മയെ ആക്രമിച്ച് ആഭരണം കവർന്നത്.

