യുവാവിനെ മർദിച്ച് കാറും പണവും തട്ടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsഅബ്ദുൽ അസീസ്, മുഹമ്മദ് ഷാഫി, റഷീദ്
മേലാറ്റൂർ: ചെമ്മാണിയോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കാറും പണവും തട്ടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. പാങ്ങ് ചേണ്ടി സ്വദേശി പറോളി മുഹമ്മദ് ഷാഫി (32), വളാഞ്ചേരി കരേക്കാട് സ്വദേശി പോഴിത്തറ റഷീദ് (26), ഒളിവിൽ താമസിക്കാൻ സഹായിച്ച വളാഞ്ചേരി കരേക്കാട് സ്വദേശി കാരാട്ട് അബ്ദുൽ അസീസ് (29) എന്ന അസിപ്പ എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാറിെൻറ നേതൃത്വത്തിൽ മേലാറ്റൂർ സി.ഐ ഷാരോണും സംഘവും അറസ്റ്റ് ചെയ്തത്.
വാഹന ഇടപാടുമായി ബന്ധപ്പെട്ട് അർധരാത്രി മേലാറ്റൂർ വേങ്ങൂർ എൻജിനീയറിങ് കോളജ് പരിസരത്തേക്ക് രഹസ്യമായി വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി പടപ്പറമ്പ് പാങ്ങ് ചേണ്ടിയിലെ രഹസ്യകേന്ദ്രത്തിൽ തടങ്കലിൽ മർദിച്ച് പരിക്കേൽപിക്കുകയും മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ പരാതിക്കാരെൻറ പിതാവിനെ ഭീഷണിപ്പെടുത്തി ആവശ്യപ്പെടുകയും അമ്പതിനായിരം രൂപയും കാറും മൊബൈൽഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
പാറോളി അഷറഫ് അലി, പുല്ലുപറമ്പ് സ്വദേശി പാറയിൽ നിസാമുദ്ദീൻ, കോഴിക്കോട് കണ്ണോത്ത് സ്വദേശി ഇടപ്പാട്ട് അനുഗ്രഹ് ജോസഫ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.