ഒരു കിലോയിലേറെ സ്വർണം കവർന്ന കേസിൽ മൂന്ന് പ്രതികൾകൂടി അറസ്റ്റിൽ
text_fieldsകോഴിക്കോട്: ബംഗാൾ സ്വദേശിയിൽനിന്ന് ഒരുകിലോയിലേറെ വരുന്ന സ്വർണക്കട്ടി കവർന്ന കേസിൽ മൂന്ന് പ്രതികൾകൂടി അറസ്റ്റിൽ. തലശ്ശേരി സ്വദേശികളായ കോടിയേരി മാളുകണ്ടിൻറവിട ധനീഷ് (40), തൊട്ടോളി വീട്ടിൽ സുജനേഷ് (32), വാവാച്ചി മുക്ക് ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബു (38) എന്നിവരെയാണ് കസബ പൊലീസ് ഇസ്പെക്ടർ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തത്. ഒന്നര പതിറ്റാണ്ടായി കോഴിക്കോട്ട് സ്വർണാഭരണ നിർമാണരംഗത്ത് പ്രവർത്തിക്കുന്ന പശ്ചിമ ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽനിന്നാണ് സംഘം സ്വർണം കവർന്നത്.
സെപ്റ്റംബർ 20ന് രാത്രി റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ തന്‍റെ സ്വർണ ഉരുക്കുശാലയിൽനിന്ന് മാങ്കാവിലേക്ക് 1.2 കിലോഗ്രാം സ്വർണം ബൈക്കിൽ കൊണ്ടുപോകവെയായിരുന്നു കവർച്ച. നാല് ബൈക്കുകളിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് റംസാൻ അലിയെ ആക്രമിച്ചാണ് സ്വർണം കവർന്നത്. സംഭവശേഷം ഒളിവിൽ കഴിഞ്ഞ പ്രതികൾ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കസബ സ്റ്റേഷനിലെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തെളിവുകളൊന്നും അവശേഷിപ്പിക്കാതെ തന്ത്രപരമായി നടന്ന കവർച്ചക്കു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സൂചന ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ക്വട്ടേഷൻ സംഘത്തിന് സിംകാർഡുകൾ എടുത്തു നൽകിയ മൂട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ നിർണായ വിവരങ്ങൾ ലഭിച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്നീട്, കേരളത്തിലേക്ക് തിരിച്ചുവന്ന ചില പ്രതികളെ പൊലീസ് പൂളാടിക്കുന്നിൽനിന്ന് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ എൻ.പി. ഷിബിയെ പിന്നീട് പിടികൂടി.
ചേളന്നൂർ എട്ടേരണ്ടിൽ വാടകക്ക് താമസിച്ച ക്വട്ടേഷൻ സംഘത്തലവൻ ഷൈസിത്താണ് ഷിബിയോടും സംഘത്തോടുമൊപ്പം സ്വർണ കവർച്ചക്ക് പദ്ധതി തയാറാക്കിയത്. ഇയാൾ പിന്നീട് കോടതിയിൽ കീഴടങ്ങി. കവർന്ന സ്വർണത്തിന്‍റെ ഒരുഭാഗം വിറ്റു കൊടുക്കുകയും പ്രതികൾക്ക് കർണാടകയിൽ ഒളിത്താവളം ഒരുക്കുകയും ചെയ്ത നിജീഷ് പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടിയിലായി. റിഹേഴ്സലിനുശേഷമാണ് പ്രതികൾ കവർച്ച നടത്തിയതെന്നും കവർന്ന സ്വർണത്തിന്‍റെ ഒരുഭാഗം പിടിച്ചെടുത്തതായും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ടൗൺ അസി. കമീഷണർ പി. ബിജുരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

