ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തി; മകൾക്കും കാമുകനുമെതിരെ കേസ്
text_fieldsബംഗളൂരു: ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇവരുടെ ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. കെ.ആർ പുരത്തിന് സമീപം സീഗെഹള്ളിയിലെ സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് സംഭവം. കൊലപാതകം നടത്തിയത് മൂത്ത മകൾ ശ്വേതയും കാമുകൻ കെന്നത്തും ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ഒളിവിലാണ്.
ശ്വേതയുടെയും കെന്നത്തിന്റെയും പ്രണയബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആദ്യം കരുതിയതെങ്കിലും, അന്വേഷണത്തിൽ മറ്റ് ചില നിർണ്ണായക വിവരങ്ങൾ കൂടി പുറത്തുവന്നു. ശ്വേതക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇക്കാര്യം മാതാപിതാക്കൾ നിരന്തരം ചോദിച്ചതിനെത്തുടർന്ന് വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധിയും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
തിങ്കളാഴ്ച പകൽ സമയം മാതാവ് മുത്തുലക്ഷ്മി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം ശ്വേതയും കെന്നത്തും വീട്ടിലെത്തുകയും മുത്തുലക്ഷ്മിയുമായി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടയിൽ മാരകായുധം ഉപയോഗിച്ച് മുത്തുലക്ഷ്മിയെ അവർ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ രക്തക്കറകൾ ഇവർ കഴുകിക്കളഞ്ഞിരുന്നു.
വൈകുന്നേരം സോമസുന്ദറും സുപ്രിയയും വീട്ടിലെത്തിയപ്പോൾ അവരെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. സുപ്രിയയെ ശ്വേത പിടിച്ചുവെക്കുകയും കെന്നത്ത് ആക്രമിക്കുകയുമായിരുന്നു. പിതാവ് സോമസുന്ദറിനെയും ഇവർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സോമസുന്ദർ സഹായത്തിനായി പുറത്തേക്ക് ഓടിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് കെ.ആർ പുരം പൊലീസ് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊലപാതകം ആസൂത്രിതമാണോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

