എഴുകോണിൽ വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊട്ടാരക്കര: എഴുകോണിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. എഴുകോണിലെ മാക് മെറ്റൽ കമ്പനി, മാക് ട്രേഡിങ് കമ്പനി എന്നീ സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. കൊല്ലം വാളത്തുംഗൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി (25), വാളത്തുംഗൽ ആക്കോലിൽ എ.ബി ഭവനത്തിൽ സുധീഷ് (22 -പക്രു), കൂട്ടിക്കട പീടിക മുക്കിൽ പടിയിൽ വീട്ടിൽ മുബാറക് (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം 14 ന് പുലർച്ചെയായിരുന്നു മോഷണം. റൂറൽ ജില്ല പൊലീസ് മേധാവി ഷാജി സുഗുണന്റെ നിർദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള നൂറിലധികം സി.സി ടി.വികൾ പരിശോധിച്ച് ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പൊലീസ് പ്രതികളിലേക്ക് എത്തിച്ചേരുകയായിരുന്നു. പ്രതികൾ മോഷണം നടത്തുന്നതിനായി രണ്ട് കിലോമീറ്റർ ദൂരത്തിൽ റെയിൽവേ പാളത്തിലൂടെ നടന്നുവന്നതിന്റെയും, തിരികെ നടന്നുപോയതിന്റയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചത് കേസിന് തെളിവായി.
സമാനരീതിയിലുള്ള മോഷണങ്ങളെ കുറിച്ച് അന്വേഷിച്ചതിൽനിന്ന് അടുത്തിടെ കൊല്ലം നഗരത്തിലെ ഒരു വ്യാപാരസ്ഥാപനത്തിൽ നടന്ന മോഷണശേഷം പ്രതികൾ സമാനരീതിയിൽ രക്ഷപെട്ടത് ശ്രദ്ധയിൽപ്പെട്ടു. 13ന് രാത്രി കാറിൽ വാളത്തുംഗലിൽനിന്ന് തിരിച്ച പ്രതികൾ രാത്രി സമയം കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും മറ്റും കറങ്ങിയ ശേഷം നെടുമ്പായിക്കുളം വഴി കോട്ടകുഴി പള്ളിക്കു സമീപം എത്തി കാർ പാർക്ക് ചെയ്തു. റെയിൽവേ പാളം വഴി രണ്ട് കിലോമീറ്ററോളം നടന്ന് ദേശീയ പാതക്ക് അടിയിലൂട തോടുവഴി മാക് മെറ്റൽ കമ്പനിയുടെ പിൻഭാഗത്ത് എത്തിയ ഷീറ്റ് പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയായിരുന്നു.
അര മണിക്കൂറോളം അവിടെ ചിലവഴിച്ച പ്രതികൾ പുറത്തിറങ്ങി തോട് വഴി മാക് ട്രേഡിങ് കമ്പനിയുടെ പിൻവശത്തെത്തി സമീപത്തുനിന്ന ഒരു മരത്തിലൂടെ സ്ഥാപനത്തിനുള്ളിൽ ഇറങ്ങി ആസ്ബറ്റോസ് ഷീറ്റ് പൊളിച്ച് ഓഫിസ് മുറിയിൽ ലോക്കറിൽ സൂക്ഷിച്ച 6,13,570 രൂപ കവർന്നു. മോഷണശേഷം പ്രതികൾ റെയിൽ വേ പാളത്തിലൂടെ തന്നെ നെടുമ്പായിക്കുളം വരെയെത്തി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ മനോജ്, എഴുകോൺ എസ്.എച്ച്.ഒ രാജേഷ്കുമാർ, ദീപുപിള്ള, എസ്.ഐ മാരായ അഭിജിത്ത്, ഹരിഹരൻ, ബിനു ജോർജ്, കൊല്ലം റൂറൽ സൈബർ സെല്ലിലെ എസ്.സി.പി.ഒ മഹേഷ് മോഹൻ, കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐമാരായ മനീഷ്, ഷാനവാസ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

