ഡൽഹിയിൽ 683 കിലോഗ്രാം നിരോധിത പടക്കങ്ങൾ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ബുദ്ധ് വിഹാറിൽ 683 കിലോഗ്രാം നിരോധിത പടക്കങ്ങൾ പിടികൂടി. ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ പടക്കങ്ങൾ. സംഭവത്തിൽ മൂന്ന് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി സ്വദേശികളായ ചന്ദ് (49), രാം കുമാർ (47), രവി (35) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ് ഒരു നിർമാണ വസ്തുക്കളുടെ വിതരണ കരാറുകാരനും മറ്റ് രണ്ടുപേരും അദ്ദേഹത്തിന്റെ ജീവനക്കാരുമാണ്. ഇവർ ഉപയോഗിച്ച ഒരു കാറും സ്കൂട്ടറും കസ്റ്റഡിയിലെത്തിട്ടുണ്ട്.
നിരോധിത പടക്കങ്ങൾ സൂക്ഷിച്ചതിലും കടത്തിയതിലും ഇവർക്കെതിരെ കേസെടുത്ത് ബുദ്ധ് വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 223 (പൊതുപ്രവർത്തകൻ പുറപ്പെടുവിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്), 228 (വ്യാജ തെളിവ് നിർമ്മിക്കൽ), 3 (പൊതു ഉദ്ദേശ്യം), എന്നീ വകുപ്പുകളും സ്ഫോടകവസ്തു നിയമത്തിലെ (Explosives Act) സെക്ഷൻ 9 (ബി) വകുപ്പും പ്രകാരമാണ് കേസെടുത്തത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലയിലെ സ്‌പെഷൽ സ്റ്റാഫ് ടീം ഇൻ-ചാർജ് സന്ദീപ് ഗോദാരയും അദ്ദേഹത്തിന്റെ ടീമംഗങ്ങളും നടത്തിയ റെയ്ഡിലാണ് അനധികൃത പടക്കം പിടിച്ചെടുത്തതെന്ന് രോഹിണി ഡെപ്യൂട്ടി കമീഷണർ പൊലീസ് ശശാങ്ക് ജയ്‌സ്വാൾ പറഞ്ഞു."ഒരു ഗോഡൗണിൽ നിന്ന് നിരോധിത പടക്കങ്ങൾ ഒരു ഹ്യുണ്ടായ് സാൻട്രോ കാറിലേക്കും ഒരു സ്കൂട്ടറിലേക്കും കയറ്റുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു."
ഹരിയാനയിലെ റോഹ്തകിലുള്ള ഒരു ഫാക്ടറിയിൽ നിന്നാണ് ഈ പടക്കങ്ങൾ എത്തിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ദീപാവലിക്ക് മുന്നേ ഉയർന്ന വിലയ്ക്ക് വിൽക്കാനായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത് എന്നാണ് വിവരം. ഡൽഹിയിലേക്ക് നിരോധിത പടക്കങ്ങൾ വിതരണം ചെയ്തതിൽ വിശദീകരണം തേടി ഫാക്ടറി ഉടമയ്ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

