കൊടുവള്ളിയിൽ 36 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ; കാർ കസ്റ്റഡിയിൽ
text_fieldsകൊടുവള്ളി: മാരക ലഹരിമരുന്നായ 36.20 ഗ്രാം എം.ഡി.എം.എ. വിൽപന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം (ഡാൻസാഫ്) പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനപ്പുറം വീട്ടിൽ ജിസാർ (40), കളരാന്തിരി പാലക്കുന്നുമ്മൽ മുഹമ്മദ് ജൈസൽ (34), താമരശ്ശേരി തച്ചംപൊയിൽ കമ്പിന്റെ അകായിൽ ശ്രീനു (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 11 മണിയോടെ വാവാടിൽ വെച്ചായിരുന്നു അറസ്റ്റ്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 69 ബി 2120 നമ്പർ ഐ-20 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡ്രൈവർ സീറ്റിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
'ഓപറേഷൻ തൂഫാൻ' ലഹരിവേട്ടയുടെ ഭാഗമായി കണ്ണൂർ റേഞ്ച് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലവരും. ബാംഗ്ലൂരിൽ നിന്നുള്ള ഇടനിലക്കാർ മുഖേനയാണ് ഇവർ ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ലഹരി വിൽപനക്കാരിൽ പ്രധാനികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. കെ.എം.സി.ടി., എൻ.ഐ.ടി. തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കാറിൽ സഞ്ചരിച്ചായിരുന്നു ഇവരുടെ ലഹരി വിൽപന.
അറസ്റ്റിലായവർ മുൻപും ലഹരിക്കേസുകളിൽ പെട്ടവരാണ്. മുഹമ്മദ് ജൈസൽ രണ്ടു വർഷം മുൻപ് ഓമശ്ശേരിയിലെ ലോഡ്ജിൽ വെച്ച് 60 ഗ്രാം എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായിരുന്നു. ഈ കേസിൽ രണ്ടു മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. മറ്റൊരു പ്രതിയായ ജിസാറിനെ മുൻപ് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി കൊടുവള്ളി പൊലീസ് പിടികൂടിയിട്ടുണ്ട്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതികൾ കുറച്ചുദിവസങ്ങളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ഉത്തംദാസ്, താമരശ്ശേരി ഡി.വൈ.എസ്.പി. കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുവള്ളി ഇൻസ്പെക്ടർ എ.യു. ജയപ്രകാശ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. രാജീവ്ബാബു, എ.എസ്.ഐ. എൻ.എം. ജയരാജൻ, സീനിയർ സി.പി.ഒ.മാരായ പി.പി. ജിനീഷ്, പി.കെ. അനസ്, കൊടുവള്ളി എസ്.ഐ.മാരായ അബ്ദുറഹ്മാൻ, എം. മോഹനൻ, എ.എസ്.ഐ.മാരായ എ.ആർ. ശ്രീജ, വി.എസ്. ശ്രീജേഷ്, എസ്.സി.പി.ഒ. അനൂപ് തറോൽ, സി.പി.ഒ.മാരായ റിജോ മാത്യു, കെ. ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

