Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിലെത്തി കടകളിൽ മോഷണം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ബൈക്കിലെത്തി കടകളിൽ മോഷണം; മൂന്നുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ഇരവിപുരം: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മോഷണം നടത്തിയ സംഘം പിടിയിലായി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂന്നംഗ സംഘം പിടിയിലായത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കറങ്ങിനടന്ന് കടകളിൽ മോഷണം നടത്തുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

അവ്യക്തമായിരുന്ന ഈ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുവാൻ സഹായിച്ചത്. കിളികൊല്ലൂർ റോസ് നഗർ അറുനൂറ്റിമംഗലം റിൻ ലാൽ ഭവനിൽ സിജ (26 -അമ്മു), ഷമീർ, മൈലക്കാട് കല്ലുവിള വീട്ടിൽ അഖിൽ ഭാസി (24) എന്നിവരാണ് പിടിയിലായത്. തുടർച്ചയായ മോഷണങ്ങൾക്കു ശേഷം ചവറയിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇവരുടെ സംഘത്തിൽപ്പെട്ട ജോയൽ എന്നയാളെ ഏതാനും ദിവസം മുമ്പ് ചവറ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളും പ്രതികളെ പിടികൂടാൻ തുണയായി. ഇവർ ചവറയിലെ ഒളിത്താവളത്തിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ ഇരവിപുരം എസ്.എച്ച്.ഒ മുഹമ്മദ് ആഷിക്കിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുക്കുട്ടൻ, സി.പി.ഒമാരായ സജിൻ അരുൺ ദേവ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ്.

ബൈക്കിലെത്തുന്ന മൂന്നംഗ സംഘത്തിൽ ഒരാൾ ബൈക്കിൽ ഇരിക്കുകയും മറ്റു രണ്ടുപേർ സാധനം വാങ്ങാനെന്ന പേരിൽ കടയിലെത്തി ഉടമയുടെ ശ്രദ്ധ തിരിച്ച ശേഷം കൗണ്ടറിലോ മേശയിലോ സൂക്ഷിച്ച പണം കവർന്ന് കടക്കുകയായിരുന്നു ചെയ്തിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ചശേഷം സംഘം ബംഗളൂരുവിലേക്ക് പോകുകയും അവിടെ കുറ്റകൃത്യം നടത്തിയ ശേഷം ചവറയിലേക്ക് മടങ്ങുകയായിരുന്നു. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ ലഹരി കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Three Arrested Over Shop Thefts Using Bike in Iravipuram
Next Story