യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsവിഷ്ണു, ജോസ്, സൂര്യദേവ്
ആലുവ: ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പറവൂർ വടക്കേക്കര അളക്കംതുരുത്തിൽ താമസിക്കുന്ന നായരമ്പലം ചൂരക്കുഴി വീട്ടിൽ ജോസ് (36), കളമശ്ശേരി ചെങ്കള തെങ്ങുംകുഴി വീട്ടിൽ സൂര്യദേവ് (25), കളമശ്ശേരി പുന്നക്കാട്ടുമൂലയിൽ വിഷ്ണു (26) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.
കഴിഞ്ഞ 14ന് രാത്രി 11ഓടെയാണ് സംഭവം. മുട്ടം യാർഡിന് സമീപം താമസിക്കുന്ന പുളിക്കപ്പറമ്പ് സുബ്രഹ്മണ്യന്‍റെ മകൻ വിഷ്ണുവിനെയാണ് സംഘം കുത്തിയത്. വിഷ്ണു വീടിനുസമീപത്ത് ദുരൂഹ സാഹചര്യത്തിൽ മൂന്നുപേർ നിൽക്കുന്നതുകണ്ട് ആരാണെന്ന് തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന സംഘം വിഷ്ണുവിനെ ആക്രമിച്ച് കുത്തിവീഴ്ത്തി. ബഹളംകേട്ട് വീട്ടുകാരെത്തിയപ്പോൾ ബൈക്കിൽ രക്ഷപ്പെട്ടു. മറ്റൊരു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ ആളെ അന്വേഷിച്ച് എത്തിയതാണ് സംഘം. ഇവർ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ മൂന്നുപേരെയും കുസാറ്റിന് സമീപത്തുള്ള വീട്ടിൽനിന്നാണ് പിടികൂടിയത്. പ്രതികൾ കളമശ്ശേരി, പാലാരിവട്ടം സ്‌റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ.വി. ജോയി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.എൻ. മനോജ്, പി.എസ്. ജീമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

