കോട്ടയത്ത് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
കോട്ടയം: നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളജ് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ മുഹമ്മദ് അസ്ലം (29), വേളൂർ മാണിക്കുന്നം തൗഫീഖ് മഹല്ല് അനസ് അഷ്കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ലയിൽ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാരത് ആശുപത്രി പരിസരത്തെ തട്ടുകടയിൽ തിങ്കളാഴ്ച രാത്രി 11ഓടെ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർഥിനിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. പെൺകുട്ടിയോട് ഇവർ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് യുവതിയും സുഹൃത്തും ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ച് കടയിൽ നിന്നിറങ്ങിയ ഇരുവരെയും ഇവർ കാറിൽ പിന്തുടർന്ന് കോട്ടയം സെൻട്രൽ ജങ്ഷൻ ഭാഗത്തുവെച്ച് വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. പ്രതികളിലൊരാളായ അസ്ലമിനെതിരെ കുമരകം സ്റ്റേഷനിൽ അടിപിടിക്കേസ് നിലവിലുണ്ട്. പരിക്കേറ്റ വിദ്യാർഥിനിയും സുഹൃത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ. പ്രശാന്ത് കുമാർ, എസ്.ഐമാരായ ടി. ശ്രീജിത്, സജികുമാർ, എ.എസ്.ഐ കെ.ടി. രമേശ്, സി.പി.ഒമാരായ ശ്രീജിത്, ഷൈന്‍തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.