യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
text_fieldsനിസാമുദ്ദീൻ, അഷ്റഫ്, അനുഗ്രഹ് ജോസഫ്
മേലാറ്റൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മോചനദ്രവ്യമായി കാറും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പാങ്ങ് ചേണ്ടി സ്വദേശികളായ പാറോളി അഷ്റഫ് അലി എന്ന ഞണ്ട് അഷ്റഫ് (35), പുല്ലുപറമ്പ് സ്വദേശി പാറയിൽ നിസാമുദ്ദീൻ (33), കോഴിക്കോട് കണ്ണോത്ത് സ്വദേശി ഇടപ്പാട്ട് അനുഗ്രഹ് ജോസഫ് (23) എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മാണിയോട് അയിലക്കര കളത്തുംപടി മുഹമ്മദ് യാഷികിെൻറ പരാതിയിലാണ് അറസ്റ്റ്.
വാഹന ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോബർ 15ന് അർധരാത്രി മേലാറ്റൂർ വേങ്ങൂർ എൻജിനീയറിങ് കോളജ് പരിസരത്തുനിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ശേഷം പടപ്പറമ്പ് പാങ്ങ് ചേണ്ടിയിലെ രഹസ്യകേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ പരാതിക്കാരെൻറ പിതാവിനോട് ആവശ്യപ്പെടുകയും 50,000 രൂപയും കാറും തട്ടിയെടുക്കുകയും ചെയ്തു. പ്രതികൾ ഒളിവിൽ താമസിച്ച സ്ഥലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാർ, മേലാറ്റൂർ സി.ഐ സി.എസ്. ഷാരോൺ, മലപ്പുറം സി.ഐ ജോബി തോമസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, സഹേഷ്, കെ. ദിനേഷ്, കെ. പ്രഭുൽ, ഹമീദലി, മേലാറ്റൂർ സ്റ്റേഷനിലെ എ.എസ്.ഐ ജോർജ് കുര്യൻ, എസ്.സി.പി.ഒമാരായ മുഹമ്മദ് അമീൻ, ജോർജ്, സി.പി.ഒമാരായ ബിപിൻ, രാജേഷ്, പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.