മോഷണശ്രമത്തിനിടെ മൂന്നുപേർ പിടിയിൽ
text_fieldsബാഹുലേയൻ, രാജു, സുനിൽ
കോന്നി: തിരുവല്ലയിലും കോന്നിയിലുമായി മോഷണശ്രമത്തിനിടെ മൂന്നുപേർ പിടിയിൽ. വകയാറിൽ കുരിശടിയിൽ മോഷണശ്രമത്തിനിടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുവനന്തപുരം വാമനപുരം സ്വദേശി ബാഹുലേയൻ (65), വെഞ്ഞാറമൂട് സ്വദേശി ബിജു (33) എന്നിവരെയാണ് നാട്ടുകാർ പിടികൂടി കോന്നി പൊലീസിന് കൈമാറിയത്. കഴിഞ്ഞ പുലർച്ച മൂന്നോടെയാണ് സംഭവം. വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിലാണ് മോഷണശ്രമം നടന്നത്.
കേസിലെ പ്രതികളിൽ ഒരാളായ ബിജുവിനെതിരെ കൊലപാതക കേസും നിരവധി മോഷണക്കേസുകളും നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവല്ല: പട്ടാപ്പകൽ ക്ഷേത്രകാണിക്ക വഞ്ചി കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിലാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേനെ എത്തിയായിരുന്നു മോഷണശ്രമം.
ക്ഷേത്ര കവാടത്തിനോട് ചേർന്ന കാണിക്ക വഞ്ചിയുടെ താഴ് മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തുനിന്ന് ശബ്ദം കേട്ടത്. തുടർന്ന് തിരുവല്ല നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ മോഷ്ടാവിനെ പിടികൂടി തിരുവല്ല പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

